വേനൽക്കാലം വരുന്നതോടെ അരയിക്കാർ വീണ്ടും ആശങ്കയിൽ

കാഞ്ഞങ്ങാട്: മഴയും മഞ്ഞും മാറി . കുടിവെള്ളത്തിനായി അയൽവാസികളുടെ കിണറിലേക്കും ടാങ്കർ ലോറിയിലേക്കും ഈ വർഷവും ഓടണോ എന്നാണ് ഇവരുടെ ചോദ്യം. കാഞ്ഞങ്ങാട് ന​ഗരസഭ പരിധിയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായതിനാൽ ഫെബ്രുവരി മുതൽ ഇവിടെ കുടിവെള്ളത്തിന് ക്ഷാമമാകുമെന്ന് നാട്ടുകാർ പറയുന്നു. അരയി സ്കൂൾ പരിസരത്ത് ഇരുന്നൂറോളം കുടുംബങ്ങൾ മറ്റുള്ളവരുടെ കിണറുകളെ ആശ്രയിച്ചാണ് കഴിയുന്നത്. എല്ലാവരും വെള്ളം കൊണ്ടുപോകുന്നതോടെ കിണറുകൾ വറ്റി വരളും. പിന്നെ ഈ വീട്ടുകാരും ടാങ്കർ ലോറികളെ കാത്തിരിക്കണം. എല്ലാ വർഷവും കാഞ്ഞങ്ങാട്ടെ നന്മമരം കൂട്ടായ്മ, ന​ഗരസഭ, പള്ളിക്കമ്മിറ്റി, ഡി.വൈ.എഫ്.ഐ എന്നിവരാണ് വെള്ളം നൽകുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണാനും ഇതുവരെ കഴിഞ്ഞിട്ടില്ല. കാർത്തിക കോളനിയിലെ പൈപ്പ് ലൈനിൽ നിന്ന് പുതുക്കൈ, മോനാച്ച എന്നിവിടങ്ങളിലും അരയി സ്കൂൾ പരിസരവും വരെ വെള്ളമെത്തുന്നുണ്ട്. റോഡരികിൽ മാത്രം എത്തുന്ന പൈപ്പ് ലൈൻ വീടുകളിലേക്കും എത്തിച്ചാൽ ആശ്വാസമാകും. നീരോട്, വട്ടത്തോട് മേഖലയൊക്കെ കർഷകരും ബീഡി തൊഴിലാളികളുമൊക്കെ താമസിക്കുന്ന മേഖലകളാണ്. കുന്നിൻ മുകളിലെ ക്വാറിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അരയിഞ്ച് വ്യാസമുള്ള പൈപ്പ് ലൈൻ വലിച്ചാണ് മറ്റ് ആവശ്യങ്ങൾക്കായി ഇവർ വെള്ളം ഉപയോ​ഗിക്കുന്നത്. സമീപത്തെ മടിക്കൈ പഞ്ചായത്ത് അയ്യപ്പൻ മഠത്തിനടുത്ത് ടാങ്ക് സ്ഥാപിച്ച് കുടിവെള്ള പ്രശ്നം പരിഹരിച്ചിട്ടുണ്ട്. കടവുംകാൽ പുഴയിൽ മോട്ടോർ സ്ഥാപിച്ച് മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് ടാങ്ക് സ്ഥാപിച്ചാൽ ന​ഗരസഭ ഇരുപതാം വാർഡിലേയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ഫോട്ടോ : കുടിവെള്ള വിതരണത്തിന് കഴിഞ്ഞ വർഷം എത്തിയ ടാങ്കറുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.