പേ പാർക്കിങ് സിസ്റ്റം നടപ്പാക്കാൻ കഴിയാതെ കാഞ്ഞങ്ങാട്​ നഗരസഭ

കാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗത സംവിധാന പരിഷ്‌കാരം പുതുവർഷമാദ്യത്തിൽ വേഗത്തിലാക്കുമെന്നും ജനുവരി ആദ്യം പേ പാർക്കിങ് സിസ്റ്റം നടപ്പിലാക്കുമെന്നും പറഞ്ഞ നഗരസഭ ഇതിനായി പെടാപ്പാടുപെടുന്നു. പുതുവർഷത്തിൽ എന്ത് തടസ്സങ്ങളുണ്ടെങ്കിലും പേ പാർക്കിങ് നടപ്പിലാക്കുമെന്നായിരുന്നു നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത പറഞ്ഞിരുന്നത്. പാർക്കിങ്ങിനായി സ്വകാര്യ സ്ഥലങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നാണ് നഗരസഭ ചെയർപേഴ്സൻ ഇപ്പോഴും പറയുന്നത്. ചില സ്വകാര്യ വ്യക്തികളിൽ സ്ഥലം തരാൻ മടി കാണിക്കുന്നവരോട് സംസാരിച്ചെങ്കിലും തുടർ നടപടികളൊന്നും തന്നെയുണ്ടായില്ല. അതേസമയം, പിഴയടപ്പിക്കൽ നടപടി പൊലീസ് വേഗത്തിലാക്കിയിരിക്കുകയാണ്. നഗരത്തില്‍ പാർക്കിങ്ങിന് ഒരു സ്ഥലം പോലുമില്ലാത്ത അവസ്ഥയാണ്. പുതിയകോട്ട മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിങ്​ ഏരിയകള്‍ കണ്ടെത്തുമെന്ന് പറഞ്ഞുവെങ്കിലും നടന്നില്ല. തിരക്കുള്ള നേരങ്ങളിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിപ്പെടുന്ന യാത്രക്കാർക്ക് പെരുവഴി. ടൗണിനുള്ളിൽ പാർക്കിങ് സ്ഥലമില്ലാത്ത ആൾക്കാരാണ് രാവിലെ സ്റ്റേഷൻ റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്നത്. രാവിലെ പാർക്ക് ചെയ്താൽ രാത്രിയാണ് പിന്നീട് വാഹനമെടുക്കുക. റെയിൽവേയുടെ കൈവശം ഏറെ സ്ഥലമുണ്ടായിട്ടും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവിൽ കാറുകൾ നിർത്തിയിടാൻ പരിമിതമായ സൗകര്യമാണ് റെയിൽവേ സ്റ്റേഷനിലുള്ളത്. തിരക്കുള്ള നേരങ്ങളിൽ വാഹനം നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. കാഞ്ഞങ്ങാട് റെയിൽവേ ഗേറ്റിൽ നിന്നുതുടങ്ങി സ്റ്റേഷൻ വരെ റെയിൽവേയുടെ സ്ഥലമാണ്. വിപുലമായ പാർക്കിങ് ഗ്രൗണ്ട് ഒരുക്കാൻ ഈ സ്ഥലം ധാരാളമാണ്. പടം: നഗരസഭ പാർക്കിങ്ങിന് സ്ഥലം കണ്ടെത്താത്തതിനെ തുടർന്ന് നോ പാർക്കിങ് ബോർഡുവെച്ച സ്ഥലത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.