കെ.എസ്.ടി.പി റോഡിലൂടെ വലിയ വാഹനങ്ങൾക്ക്​ വിലക്ക്​

കാഞ്ഞങ്ങാട്: കാസർകോട് കെ.എസ്.ടി.പി റോഡിൽ കോട്ടച്ചേരി ജങ്​ഷനിൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നത്​ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്​ വലിയ വാഹനങ്ങൾ പൂർണമായും ദേശീയ പാതയിലൂടെ കടത്തിവിടാൻ തീരുമാനിച്ചു. ജില്ല വികസന സമിതി യോഗ തീരുമാനപ്രകാരം രൂപവത്​കരിച്ച സബ് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. നേരത്തെ കെ.എസ്.ടി.പി റോഡിലൂടെ ചീറിപ്പായുന്ന വലിയ വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ല. വലിയ വാഹനങ്ങൾ പോകുന്നതുമൂലം കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിച്ചു. കാഞ്ഞങ്ങാട് സൗത്തില്‍നിന്ന് കാസര്‍കോട്ടേക്ക് കെ.എസ്.ടി.പി റോഡ് നിർമാണം പൂര്‍ത്തിയായതോടെയാണ് കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങള്‍ നഗരത്തിലൂടെ കടന്നുപോകാൻ തുടങ്ങിയത്. അമിത വേഗവും അപകടങ്ങൾക്ക് കാരണമായിരുന്നു. ദേശീയപാതകളിൽ മാത്രം പോകാൻ അനുമതിയുള്ള ഗ്യാസ് ടാങ്കർ ലോറികൾ, രാസവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തുടങ്ങിയ വലിയ വാഹനങ്ങൾ ഒരു സുരക്ഷ മാനദണ്ഡവും പാലിക്കാതെയാണ് ചീറിപ്പായുന്നത്. വാഹനനിയന്ത്രണത്തിന് കാഞ്ഞങ്ങാട് സൗത്തിലും കാസർകോട് പ്രസ്ക്ലബ് ജങ്‌‌‌‌‌‌‌‌‌‌‌‌‌ഷനിലും ഹോംഗാർഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും പരിഹാരമില്ല. ദേശീയപാത കടന്നുപോകാൻ കൂടുതൽ സമയമെടുക്കുന്നതുമാണ് വാഹനങ്ങളെ ഈ വഴിക്ക് ആകർഷിക്കുന്നത്. രാത്രി മീൻവണ്ടികളാണ് പ്രശ്നം. ഭൂരിഭാഗവും മാലിന്യടാങ്ക് തുറന്നുവിട്ടാണ് യാത്ര. മലിനജലം റോഡിലേക്ക് ഒഴുകും. ആംബുലൻസുപോലും നഗരത്തിലെ കുരുക്കിൽപെടുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു. ചന്ദ്രഗിരിപ്പാതയിൽ വലിയ വണ്ടികൾ ഓടാൻ തുടങ്ങിയതുമുതൽ പ്രതിസന്ധിയാണ്. സൈറൺ മുഴക്കി അപായ ലൈറ്റിട്ട് സിഗ്നൽ നൽകിയാൽ പോലും വലിയ വാഹനങ്ങൾ മാറിത്തരുന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ പറയുന്നു. ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. കലക്ടറുടെ ചേംബറിൽ നടന്നയോഗത്തിൽ സബ് കലക്ടർ ഡി.ആർ. മേഘ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണൻ ആർ.ടി.ഒയുടെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.