കേരള ബ്ലാസ്റ്റേഴ്‌സ് വനിത ടീമിൽ ആറ് മടിക്കൈ ബങ്കളം പെൺകുട്ടികൾ

നീലേശ്വരം: കേരള ബ്ലാസ്റ്റേഴ്‌സ് വനിത ടീമിൽ മടിക്കൈ ബങ്കളത്തെ ആറ് മിടുക്കികളുമുണ്ടാകും. വലിയ സൗകര്യമോ പരിശീലനമോ ഇല്ലാതിരുന്നിട്ടും മുന്നിലുണ്ടായിരുന്ന പ്രതിരോധങ്ങളെ സമർഥമായി ഡ്രിബിൾ ചെയ്താണ് ബങ്കളത്തെ പി. മാളവികയും വി.വി. ആരതിയും എസ്. ആര്യശ്രീയും എം. കൃഷ്ണപ്രിയയും പി. അശ്വതിയും എം. അഞ്ജിതയും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയത്. പരിശീലകനായ നിധീഷ് ബങ്കളവും കക്കാട്ട് സ്‌കൂളിലെ കായികാധ്യാപിക പ്രീതിമോളും നേടിയ വിജയമാണിത്. കക്കാട്ട് ഗവ. സ്‌കൂൾ മൈതാനത്താണ് പരിമിതസൗകര്യത്തിൽ ഇവരുടെ പരിശീലനം. മാളവിക ഇന്ത്യൻ ക്യാമ്പിലും ആര്യശ്രീ ഇന്ത്യൻ ടീമിലുമുണ്ട്. ഹൈടെക് പരിശീലനം പോയിട്ട് പരിശീലിക്കാനുള്ള ഉപകരണങ്ങൾപോലുമില്ലാതെ പലതും കേട്ടുപഠിച്ച് കളിക്കളത്തിലിറങ്ങിയവരാണ് ഇവർ. ഇവരുടെ നേട്ടത്തിൽ കാഞ്ഞങ്ങാട് ആർ.ഡി ഓഫിസിലെ ക്ലർക്ക് നിധീഷിന് അഭിമാനിക്കാൻ ഏറെയുണ്ട്. ഏറ്റവും മികച്ച കളിക്കാരനായിട്ടും സന്തോഷ് ട്രോഫി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ വന്നപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു. ഏറെ ആഗ്രഹിച്ച അവസരം നിഷേധിക്കപ്പെട്ടപ്പോൾ പിന്നൊന്നും ആലോചിച്ചില്ല. തനിക്ക് കിട്ടാത്തത് എന്നിലൂടെ പലർക്കും കിട്ടണമെന്ന ചിന്തയിലാണ് 2013 ജനുവരി ഒന്നിനാണ് കക്കാട്ട് സ്‌കൂൾ മൈതാനത്ത് പരിശീലകനായി ഇറങ്ങുന്നത്. പെരിയ പോളിയിൽ പഠിക്കുമ്പോൾ പരിശീലിപ്പിച്ചും കളിച്ചും തുടങ്ങിയ ആത്മവിശ്വാസം മാത്രമായിരുന്നു ബലം. കക്കാട്ട് സ്കൂൾ മൈതാനത്ത് വിമൻസ്‌ ഫുട്‌ബാൾ ക്ലിനിക് എന്ന് പേരിട്ട കൂട്ടായ്മയാണ് തുടക്കം. എല്ലാവർക്കും സൗജന്യമായി പരിശീലനം നൽകുന്ന കൂട്ടായ്മയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.