മാതൃകയാകാൻ ബേഡകത്തെ പാതയോരങ്ങള്‍

കാസർകോട്: നാട്ടുവഴിയോരങ്ങളിലൂടെ നടക്കാനും വിശ്രമിക്കാനും ലക്ഷ്യമിട്ട് മാലിന്യമുക്തമാക്കി മനോഹരമാകാന്‍ ഒരുങ്ങുകയാണ് ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങള്‍. ബേഡകപ്പാത എന്ന പദ്ധതിയിലൂടെ വൃത്തിയും സൗന്ദര്യവുമുള്ള പാതയോരങ്ങള്‍ ഒരുക്കും. റോഡിന്റെ ഇരുവശവും വൃത്തിയാക്കി പൂച്ചെടികളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. ബേഡകം തെക്കില്‍-ആലട്ടി റോഡ് കരിച്ചേരി മുതല്‍ പള്ളത്തിങ്കാല്‍ വരെയുള്ള പാതയോരങ്ങളാണ് പദ്ധതിയിലൂടെ മനോഹരമാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് ഓരോ സ്ഥലത്തും പാതയോര പൂന്തോട്ടം ഒരുക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാതയോര പാര്‍ക്കുകളും വിശ്രമ കേന്ദ്രങ്ങളും ഓപണ്‍ ജിമ്മും തയാറാക്കും. പാതവക്കുകള്‍ അലങ്കരിക്കുന്നതിനൊപ്പം ടൗണുകള്‍, സ്ഥാപന മുറ്റങ്ങള്‍ ഉള്‍പ്പെടെ സാധ്യതയുള്ള എല്ലായിടത്തും പൂന്തോട്ടങ്ങള്‍ ഒരുക്കും. യാത്രാതടസ്സമില്ലാതെയും വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെയുമാണ് പൂന്തോട്ടങ്ങള്‍ ഒരുക്കുന്നത്. ഇരിപ്പിടങ്ങളുള്ള ചെറിയ പാര്‍ക്കുകളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലുമുള്ള അക്കേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റി ഫലവൃക്ഷ തൈകളായ നാടന്‍ പ്ലാവിനങ്ങള്‍, മാവിനങ്ങള്‍, പുളിമരങ്ങള്‍, അശോക മരങ്ങള്‍ എന്നിവ നട്ടുപിടിപ്പിക്കും. മരങ്ങള്‍ നടാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ നടപ്പാത വിട്ട് ബോഗെയ്ന്‍ വില്ല, കൊണ്ട, ചെമ്പരത്തി എന്നിവ നട്ടുപിടിപ്പിക്കും. ചെടികളുടെ തുടര്‍ പരിപാലനത്തിന് പ്രാദേശിക കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനത്തില്‍ കുണ്ടംകുഴി ടൗണ്‍ റോഡ് ഡിവൈഡറില്‍ പൂന്തോട്ടമൊരുക്കി പദ്ധതിക്ക് തുടക്കംകുറിച്ചു. ജൂണ്‍ 30നുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തും. പ്രവൃത്തി പൂര്‍ത്തീകരിച്ച് പരിപാലനം വൃത്തിയായി നടത്തുന്ന പ്രാദേശിക കമ്മിറ്റികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.