ആശ്രയ പദ്ധതി: എൽ.ഡി.എഫ് സമരം അനാവശ്യം -പഞ്ചായത്ത്

തൃക്കരിപ്പൂർ: പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ആരോപണവും രാജി ആവശ്യവുമായി എൽ.ഡി.എഫ് നടത്തിയ ഭരണസമിതി ബഹിഷ്കരണവും അനുബന്ധ സമരങ്ങളും ദുരുപദിഷ്ടമാണെന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറും ഏഴാം വാർഡ് മെംബറുമായ ഇ.എം. ആനന്ദവല്ലിയെക്കുറിച്ചുള്ള അഴിമതി ആരോപണങ്ങൾ ശരിയല്ല. വാർഡിൽ അഗതി ആശ്രയ പദ്ധതി പ്രകാരം കെ. പാറുവിനും കെ. കല്യാണിക്കും വീട് നിർമിച്ചുനൽകുന്നതിൽ അഴിമതി നടത്തിയെന്നാണ് ആരോപണം. എന്നാൽ, സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ കെ.വി. ശോഭയും കെ. ബിന്ദുവുമാണ് പദ്ധതി നടത്തിപ്പിന്റെ ചെയർപേഴ്സനും കൺവീനറുമായി പ്രവർത്തിക്കുന്നത്. ഇവരുടെ അറിവില്ലായ്മ മൂലമുണ്ടായ പ്രശ്നത്തെ പർവതീകരിച്ച് വാർഡ് മെംബറുടെ പേരിൽ ദുരാരോപണമുന്നയിച്ചത് ഒരു പ്രാദേശിക സി.പി.എം നേതാവിന്റെ വിരോധം തീർക്കാനാണ്. അഗതികൾക്കുള്ള വീട് നവീകരണ പദ്ധതിയിൽ രണ്ടുപേർക്ക് ഒരുലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമാണ പുരോഗതി പ്രകാരം ഘട്ടം ഘട്ടമായാണ് ഫണ്ട് പിൻവലിക്കേണ്ടിയിരുന്നത്. എന്നാൽ, കമ്മിറ്റി നേതൃത്വത്തിന്റെ അജ്ഞത മൂലം പണി പൂർത്തിയാകുന്നതിനുമുമ്പ് ഫണ്ട് പിൻവലിക്കുകയായിരുന്നു. പ്രശ്നം ശ്രദ്ധയിൽപെട്ടതോടെ സർവകക്ഷി തീരുമാന പ്രകാരം മേൽ കമ്മിറ്റി തന്നെ 12 ശതമാനം പലിശയോടെ ഫണ്ട് തിരിച്ചടച്ചിരുന്നു. നേരത്തെ സൂചിപ്പിച്ച രണ്ട് വ്യക്തികളുടെ ജോയൻറ് അക്കൗണ്ടിൽ നിന്നാണ് പണം പിൻവലിച്ചിരുന്നത്. ചെലവായ 28,000 രൂപ കഴിച്ച് ബാക്കിയുള്ള തുകയും പിഴപ്പലിശയും പിന്നീട്‌ സി.ഡി.എസ് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി, പഞ്ചായത്തംഗം യു.പി. ഫായിസ്, പദ്ധതി നടത്തിപ്പ് ചെയർപേഴ്സനായിരുന്ന കെ. ബിന്ദു, കൺവീനറായിരുന്ന കെ.വി. ശോഭ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.