കലക്ടറേറ്റിലെത്തിയാല്‍ വിദഗ്ധ മാനസികാരോഗ്യ സേവനം ലഭിക്കും

സേവനം എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച വനിത സംരക്ഷണ ഓഫിസില്‍ കാസർകോട്: തകര്‍ന്ന മനസ്സുകള്‍ക്ക് സാന്ത്വനമാവാന്‍ കലക്ടറേറ്റിലെ ജില്ല വനിത സംരക്ഷണ ഓഫിസ്. കൗണ്‍സലിങിനെത്തുന്ന സ്ത്രീകളില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സഹായമായാണ് വിദഗ്ധ മാനസികാരോഗ്യ സേവനം എന്ന പദ്ധതി നടപ്പിലാക്കുന്നത്. വനിത സംരക്ഷണ ഓഫിസില്‍ നിന്നും എല്ലാ മാസവും കൗണ്‍സലിങ് തേടുന്ന മുപ്പതോളം സ്ത്രീകളില്‍ അഞ്ചുപേരെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ അധ്യക്ഷയായ ഗാര്‍ഹിക പീഡന നിരോധന നിയമം സംബന്ധിച്ച ജില്ലതല മോണിറ്റിങ്, കോഓഡിനേഷന്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്തു. ജില്ല മെഡിക്കല്‍ ഓഫിസര്‍ നിർദേശിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധ ഡോ. അപര്‍ണ, മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ വനിത സംരക്ഷണ ഓഫിസിലെത്തിത്തുടങ്ങി. എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ച രണ്ടുവരെ ഡോക്ടറുടെ സേവനം ലഭ്യമാകും. മരുന്നുകളും സൗജന്യമായിരിക്കും. തുടര്‍ ചികിത്സക്കും വനിത സംരക്ഷണ ഓഫിസിലെ തൊട്ടടുത്ത മാസത്തെ സേവനം പ്രയോജനപ്പെടുത്താം. ജൂണ്‍ 10ന് ആദ്യ ദിവസം ഏഴുപേരാണ് ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തിയത്. സേവനം തേടിയെത്തിയവര്‍ക്കെല്ലാം മാനസിക പ്രശ്‌നങ്ങളുണ്ടെന്നും തുടര്‍ച്ചയായ പരിശോധനയിലൂടെ ഇവര്‍ക്ക് വലിയ ആശ്വാസം ലഭിക്കുമെന്നും ഡോക്ടര്‍ അപര്‍ണ അഭിപ്രായപ്പെട്ടു. ജില്ല മെഡിക്കല്‍ ഓഫിസും കാസര്‍കോട് ജനറല്‍ ആശുപത്രിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വയോജന അധിക്ഷേപ നിരോധന ദിനത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും കാസർകോട്​: വയോജന അധിക്ഷേപ നിരോധന ദിനത്തോടനുബന്ധിച്ച് ഇന്ന് (ജൂണ്‍ 15) ജില്ലയില്‍ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ജില്ല സാമൂഹികനീതി വകുപ്പ് സാമൂഹിക സുരക്ഷ മിഷന്‍, വയോമിത്രം, ജനമൈത്രി പൊലീസ്, കാസര്‍കോട്-കാഞ്ഞങ്ങാട് മെയിന്റനന്‍സ് ട്രൈബ്യൂണുകള്‍, വയോജന കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്ന് ബോധവത്കരണ പരിപാടികള്‍ നടത്തും. രാവിലെ ഒമ്പതിന് നീലേശ്വരത്ത് തുടങ്ങി ചെറുവത്തൂര്‍, നെഹ്‌റു കോളജ്, കാഞ്ഞങ്ങാട്, കാസര്‍കോട്, ഉപ്പള എന്നീ സ്ഥലങ്ങളില്‍ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. 'കരുതലോടെ കാക്കാം കൈപിടിച്ച് നടത്താം' എന്ന സന്ദേശത്തോടെ നെഹ്‌റു ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് വിദ്യാർഥികള്‍ ഫ്ലാഷ് മോബിന്റെ ഭാഗമാകും. എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കലക്ടര്‍, സബ് കലക്ടര്‍, എ.ഡി.എം, നഗരസഭാധ്യക്ഷന്മാര്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. സി.കെ.എന്‍.ജി.എച്ച്.എസ്.എസ് പിലിക്കോട്, എസ്.ആര്‍.എം.ജി.എച്ച്.എസ്.എസ് റാം നഗര്‍ മാവുങ്കാല്‍ എന്നിവിടങ്ങളില്‍ എസ്.പി.സി യൂനിറ്റുകളും ജി.എച്ച്.എസ്.എസ് പരപ്പയില്‍ എന്‍.സി.സി, എസ്.പി.സി, എന്നിവയുടെ നേതൃത്വത്തിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ല സാമൂഹിക നീതി ഓഫിസര്‍ ഇന്‍ ചാര്‍ജ് പി. ബിജു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.