ബാലാവകാശങ്ങൾ ഉണർത്തി ബാലസഭ

കാസർകോട്: കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും ഓർമപ്പെടുത്തി ജില്ല പഞ്ചായത്തിന്റെ ബാലസഭ. ജില്ല പഞ്ചായത്തിന്റെ 14ാം പഞ്ചവത്സരപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായാണ് ബാലസഭ സംഘടിപ്പിച്ചത്. ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി ബാലാവകാശ കമീഷന്‍ അംഗം പി.പി. ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. 18 വയസ്സിനു താഴെയുള്ള ജില്ലയിലെ മുഴുവന്‍ കുട്ടികളുടെയും സമഗ്ര വിവരശേഖരണം നടത്തുക, ജില്ല പഞ്ചായത്തിനു ബാലാവകാശനയം ഉണ്ടാക്കുക, ബാലാവകാശ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുക, കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികളെടുക്കുക, ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് അന്തര്‍ജില്ല സന്ദര്‍ശനവും ക്യാമ്പുകളും നടത്തുക, ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങിയവ ആരംഭിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് ബാലസഭയില്‍ ഉയര്‍ന്നുവന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സൻ കെ. ശകുന്തള, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സൻ അഡ്വ. എസ്.എന്‍. സരിത, സീനിയര്‍ സൂപ്രണ്ട് സുരേഷ്, ജില്ല പഞ്ചായത്ത് പ്രോജക്ട് ഫെസിലിറ്റേറ്റര്‍ എച്ച്. കൃഷ്ണ, ജില്ല ശിശുവികസന ഓഫിസര്‍ ഷിംന, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സി.എ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച ബാലസഭ ബാലാവകാശ കമീഷന്‍ അംഗം അഡ്വ. പി.പി. ശ്യാമളദേവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.