പുതിയ ഒഴിവുകളും വിജ്ഞാപനവുമില്ല ആരംഭശൂരത്വമായി കെ.എ.എസ്

തിരുവനന്തപുരം: കേരളത്തിന്‍റെ 'സ്വന്തം സിവിൽ സർവിസ്' എന്ന വിശേഷണവുമായി ഇടത് സർക്കാർ അവതരിപ്പിച്ച കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) പാതിവഴിയിൽ മുടന്തുന്നു. ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ച് മൂന്നുവർഷം പിന്നിട്ടിട്ടും പുതിയ ഒഴിവുകൾ സൃഷ്ടിക്കാനോ രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിക്കാനോ സർക്കാറിനും പി.എസ്.സിക്കും കഴിഞ്ഞിട്ടില്ല. കെ.എ.എസിന്‍റെ ആദ്യ വിജ്ഞാപനം 2019 നവംബർ ഒന്നിനായിരുന്നു.

രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനമെന്നാണ് കെ.എ.എസ് വ്യവസ്ഥകളിൽ വ്യക്തമാക്കിയത്. ഇതുപ്രകാരം 2021ൽ രണ്ടാം വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു. കോവിഡിനെ തുടർന്ന് മൂല്യനിർണയ നടപടി നീണ്ടതോടെ 2021 ഒക്ടോബർ എട്ടിനാണ് ആദ്യ റാങ്ക് ലിസ്റ്റ് പുറത്തിറക്കാനായത്. ആദ്യ കെ.എ.എസിലേക്ക് 105 തസ്തികയാണ് സർക്കാർ കണ്ടെത്തിയത്. ഇതിനുശേഷം ഒറ്റ ഒഴിവുപോലും സൃഷ്ടിക്കാൻ സർക്കാറിനായിട്ടില്ല.

മറ്റ് പി.എസ്.സി റാങ്ക് ലിസ്റ്റുകൾക്കെന്നപോലെ കെ.എ.എസ് ലിസ്റ്റുകൾക്ക് മൂന്നുവർഷ കാലാവധിയില്ല, ഒരു വർഷമാണ് ഈ ലിസ്റ്റുകളുടെ കാലാവധി. നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി ഒക്ടോബർ ഏഴിന് അവസാനിക്കും. ഡിസംബറിനുള്ളിലെങ്കിലും പുതിയ വിജ്ഞാപനം വന്നില്ലെങ്കിൽ ഈ വർഷം പ്രായപരിധി അവസാനിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാകും.

പുതിയ ഒഴിവുകൾ കണ്ടെത്താൻ സർക്കാർ വൈകുന്നതും കെ.എ.എസ് സപെഷൽ റൂൾസ് അപാകതകൾ പരിഹരിക്കാൻ കഴിയാത്തതുമാണ് വിജ്ഞാപനത്തിന് തടസ്സമെന്നാണ് പി.എസ്.സി വാദം. ആദ്യ ബാച്ചിലേക്ക് മാറ്റിവെച്ച 105 തസ്തികകളില്‍ ചിലത് മൂന്നാം ഗസറ്റഡ് തസ്തികയാണെന്ന് കണ്ടെത്തിയതിനാല്‍ പിന്നീട് പിഴവ് പരിഹരിച്ചിരുന്നു. എന്നാല്‍ തസ്തികയും ശമ്പളവും നിശ്ചയിച്ചതിൽ വീണ്ടും പിശക് പറ്റി. അത് വിശദമായി പരിശോധിച്ച് വിശേഷാല്‍ചട്ടം അന്തിമമാക്കുന്നതിന് ജൂലൈ 13ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലേ പുതിയ തസ്തിക നിര്‍ണയിക്കാനാകൂ എന്നാണ് സർക്കാർ ഭാഷ്യം. ഉന്നതതല സമിതി ഇതുവരെ പരിശോധന ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. സ്പെഷൽ റൂൾ ഭേദഗതിക്ക് വർഷങ്ങൾ എടുക്കും. 

Tags:    
News Summary - KAS without new vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.