തൃശൂർ: ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ച രണ്ട് സാമ്പത്തിക കേസുകളായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും കൊടകര കുഴൽപണ കേസും. കരുവന്നൂർ കേസിൽ സംസ്ഥാന ഭരണം കൈയാളുന്ന സി.പി.എം പ്രതികളായപ്പോൾ കൊടകരയിൽ കേന്ദ്രഭരണത്തിലുള്ള ബി.ജെ.പിയുടെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരായിരുന്നു പ്രതികൾ.
തൃശൂർ നഗരത്തിൽനിന്ന് 24 കിലോമീറ്റർ മാറി ഇരിങ്ങാലക്കുട നഗരസഭയിലാണ് കരുവന്നൂർ സർവിസ് സഹകരണ ബാങ്ക്. സൊസൈറ്റിയുടെ 13 അംഗ ഡയറക്ടർ ബോർഡാണ് ബാങ്ക് ഭരിക്കുന്നത്. എന്നാൽ, ഇതിനു മുകളിൽ സി.പി.എം ജില്ലാ സമിതിയംഗം സി.കെ. ചന്ദ്രന്റെ നേതൃത്വത്തിൽ വേറൊരു കമ്മിറ്റിയുമുണ്ട്. 23,648 നിക്ഷേപകരുള്ള ബാങ്കിൽ നിക്ഷേപം 282 കോടി രൂപയായിരുന്നു; വായ്പയാകട്ടെ 514 കോടിയും. കൃത്യമായ രേഖകളില്ലാതെ ബിനാമി വായ്പകൾ നൽകി പ്രതികൾ ബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണ് കേസ്. സാമ്പത്തിക തട്ടിപ്പിൽ സി.പി.എം നേതാക്കളും പാർട്ടിയും കക്ഷിയായതോടെ കേസിന് വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചു.
ബാങ്കിലെ ഉദ്യോഗസ്ഥരും സി.പി.എം നേതാക്കളും അറിഞ്ഞുള്ള വൻ കൊള്ളയാണ് നടന്നത്. ഇ.ഡി കേസ് അന്വേഷിക്കുന്നതിനു മുമ്പുതന്നെ സംസ്ഥാന ക്രൈം ബ്രാഞ്ച് തട്ടിപ്പ് പുറത്തുകൊണ്ടുവന്നിരുന്നു. 2021 ജൂലൈ 14ന് ബാങ്ക് സെക്രട്ടറി ഇ.എസ്. ശ്രീകല തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി. ഒരേ വ്യക്തിക്ക് ഒന്നിലധികം വായ്പ നൽകി ജീവനക്കാരുടെ സംഘം 100 കോടി രൂപ തട്ടിയെടുത്തതായും വായ്പയെടുത്തവരുടെ സമ്മതമോ അറിവോ ഇല്ലാതെ അവരുടെ സ്വത്തുക്കൾ വീണ്ടും പണയപ്പെടുത്തിയതായും ആ വായ്പകൾ ബന്ധമില്ലാത്ത മൂന്നാം കക്ഷികൾക്ക് നൽകിയതായും കണ്ടെത്തി.
103.3 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്ടെത്തിയത്. സഹകരണ വകുപ്പ് തൃശൂർ ഡെപ്യൂട്ടി രജിസ്ട്രാർ അഴിമതി 113 കോടി രൂപയാണെന്ന് കണ്ടെത്തി. 2011 മുതൽ 2021വരെ വലിയ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് പറയുന്നു. 2010 മുതൽ തട്ടിപ്പുണ്ടെന്ന് ഇ.ഡി പറയുന്നു.
എന്നാൽ, സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയും ബാങ്കിന്റെ മാനേജറും ആയിരുന്ന എം.വി. സുരേഷ് പറയുന്നത് 2005 മുതൽ തട്ടിപ്പ് നടന്നു എന്നാണ്. ഇയാൾ നിലവിൽ ബി.ജെ.പിയിലാണ്. എടുക്കാത്ത വായ്പക്ക് കരുവന്നൂർ സഹകരണ സൊസൈറ്റിയിലെ അംഗങ്ങൾക്ക് ജപ്തി നോട്ടീസ് ലഭിച്ചതു മുതലാണ് സംഭവം വാർത്തകളിൽ നിറയാൻ തുടങ്ങിയത്. 2021 ജൂലൈ 22ന് പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം ടി.എം. മുകുന്ദൻ (63) ആത്മഹത്യ ചെയ്തതോടെ തട്ടിപ്പ് വലിയ വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.