ബലിയര്‍പ്പിക്കാന്‍ ആലുവ മണപ്പുറത്ത് വൻതിരക്ക് VIDEO

ആലുവ: പിതൃമോക്ഷത്തിനായി പെരിയാറില്‍ മുങ്ങിക്കുളിച്ച് കര്‍ക്കടകവാവ് ബലിയര്‍പ്പിക്കാന്‍ ആലുവയിലേക്ക് പതിനായിരങ്ങളെത്തി. ശനിയാഴ്ച രാത്രി മുതൽ ബലിതർപ്പണം തുടങ്ങി. മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ബലിതര്‍പ്പണത്തിനായി 75 രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരുന്ന ഫീസ്. ഒരിക്കലെടുത്ത് വരുന്നവരാണ് ബലിതർപ്പണം നടത്താനായി മണപ്പുറത്തെത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിവരെ ബലിതർപ്പണം നീണ്ടു നില്‍ക്കും. പെരിയാറില്‍ 190 മീറ്ററിലധികം താല്‍ക്കാലിക ബാരിക്കേഡുകള്‍ തയ്യാറാക്കിയിരുന്നു. ഒരേസമയം ആയിരത്തോളം പേര്‍ക്ക് ബലിതർപ്പണം നടത്താനുള്ള സംവിധാനമാണ് ഇവിടെയുള്ളത്.  

ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ ഒരേസമയം 125 പേര്‍ക്ക് തര്‍പ്പണം നടത്താവുന്ന വിധത്തില്‍ ബലിത്തറകള്‍ സജ്ജീകരിച്ചിരുന്നു. പത്ത് ദേവസ്വം ബോര്‍ഡ് ശാന്തിമാരും സഹായികളുമാണ് ഇതിന് നേതൃത്വം നല്‍കിയത്. കൂടാതെ 76 ശാന്തിമാര്‍ മണപ്പുറത്ത് താത്കാലിക ബലിപ്പുരകള്‍ ഒരുക്കിയിരുന്നു. മണപ്പുറം ശിവക്ഷേത്രത്തിലെ പൂജകള്‍ക്ക് ചേന്നാസ് മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും മുഖ്യകാര്‍മികത്വം വഹിച്ചു. തിരക്ക് മുന്നില്‍ കണ്ട് പൂജകള്‍ക്കും പ്രസാദങ്ങള്‍ക്കുമായി പ്രത്യേക കൗണ്ടറുകളും തുറന്നിരുന്നു. കര്‍ക്കടക വാവ് ഹരിത പ്രോട്ടോകോള്‍ പ്രകാരമായതിനാല്‍ പ്ലാസ്റ്റ്ിക് കുപ്പികള്‍ക്കും ക്യാരി ബാഗുകള്‍ക്കും നിരോധനമുണ്ടായിരുന്നു.

പെരിയാറിന്‍റെ കടവുകളുടെ ശുചീകരണം പൂര്‍ത്തിയാക്കിയിരുന്നു. പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ പുല്ലുകളും വെട്ടി വൃത്തിയാക്കിയിട്ടുണ്ട്. കൊട്ടാരകടവില്‍ നിന്ന് ശിവരാത്രി മണപ്പുറത്തേയ്ക്ക് നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് നടപ്പാലം വഴിയും ദേശീയപാതയില്‍ നിന്ന് മണപ്പുറം റോഡ് വഴിയും മണപ്പുറത്തേക്ക് ഭക്തർ എത്തി.

ആലുവ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകം പൊലീസിനെ ഏര്‍പ്പെടുത്തിയിരുന്നു. മണപ്പുറത്തുള്ള ക്ഷേത്രത്തില്‍ നിന്നും അന്‍പത് മീറ്റര്‍ ചുറ്റളവില്‍ വഴിയോരകച്ചവടങ്ങള്‍ നിരോധിച്ചിരുന്നു. ഞായറാഴ്ച ഫാസ്റ്റ് ബസുകള്‍ക്ക് ആലുവ തോട്ടയ്ക്കാട്ടുകരയില്‍ സ്‌റ്റോപ്പ് അനുവദിച്ചത് ഉപകാരമായി.

Full View%
Tags:    
News Summary - karkidaka vavu bali tharpanam aluva manappuram -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.