കരിപ്പൂർ: പുതിയ അന്താരാഷ്ട്ര ആഗമന ടെർമിനൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും യാത്രക്കാ ർക്ക് തുറന്നുകൊടുക്കാൻ വൈകും. മാർച്ച് അവസാനത്തോടെ മാത്രമേ ടെർമിനൽ യാത്രക്കാർ ക്ക് തുറന്നുകൊടുക്കൂ. ടെർമിനലിനുള്ളിലെ നിർമാണ പ്രവൃത്തി പൂർത്തിയായെങ്കിലും മറ്റ് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടില്ല. പ്രധാനമായും കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗത്തിനാവശ്യമായ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. നിലവിലുള്ള ടെർമിനലിൽനിന്ന് ഘട്ടംഘട്ടമായേ ഇവ മാറ്റിസ്ഥാപിക്കാനാവൂ. എക്സ്റേ യന്ത്രങ്ങൾ, മെറ്റൽ ഡിറ്റക്ടർ വാതിൽ എന്നിവയാണ് പ്രധാനമായും പുനഃസ്ഥാപിക്കേണ്ടത്. വിമാനക്കമ്പനികളുടെ ഒാഫിസും ഒരുക്കേണ്ടതുണ്ട്. ഇതിന് ഒരു മാസത്തോളം സമയമെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിെൻറ വിജ്ഞാപനം ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ഘാടനം നടത്തിയത്.
120 കോടി രൂപ ചെലവിൽ 17,000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്. ആറ് വിസ ഒാൺ അറൈവൽ അടക്കം 38 ഇമിഗ്രേഷൻ കൗണ്ടറുകൾ, 20 കസ്റ്റംസ് കൗണ്ടറുകൾ, 60 മീറ്റർ നീളത്തിലുള്ള അഞ്ച് കൺവെയർ ബെൽറ്റ് തുടങ്ങിയവയാണ് ടെർമിനലിലുള്ളത്. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം 4.80 കോടി രൂപ ചെലവിൽ നിർമിച്ച രണ്ട് എയ്റോബ്രിഡ്ജുകളും പുതിയ ടെർമിനലിലുണ്ട്. സ്പെയിനിലെ അഡൽറ്റെ എയർപോർട്ട് ടെക്നോ കമ്പനിയുമായി സഹകരിച്ച് പൊതുമേഖല സ്ഥാപനമായ ബെമലിെൻറ (ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡ്) കോലാറിലെ കേന്ദ്രത്തിലാണ് ഇവ നിർമിച്ചത്. ഇതോടെ കരിപ്പൂരിൽ എയ്റോബ്രിഡ്ജുകൾ അഞ്ചായി. ഭാവിയിൽ മൂന്നെണ്ണംകൂടി നിർമിക്കാൻ പദ്ധതിയുണ്ട്.
പ്രകൃതിവെളിച്ചം പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്രീകൃത ശീതീകരണ സംവിധാനത്തോടെ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് നിർമാണം. അനുബന്ധമായി 1.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയും പണി തീര്‍ത്തിട്ടുണ്ട്. ഒരേസമയം 1,527 യാത്രക്കാർക്കുള്ള സൗകര്യമുണ്ട്. 2009ൽ നിർമിക്കാനുദ്ദേശിച്ച ടെർമിനലാണ് 10 വർഷത്തിനുശേഷം പൂർത്തിയാകുന്നത്. നേരത്തെ, നാലുതവണ ടെൻഡർ വിവിധ കമ്പനികൾ ഏറ്റെടുത്ത് ഉപേക്ഷിച്ച ശേഷം അഞ്ചാമതായാണ് ബംഗളൂരൂ ആസ്ഥാനമായ കമ്പനി നിർമാണം ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.