കരിപ്പൂരിനെ അവഗണിക്കുന്നതിനുപിന്നില്‍  കോര്‍പറേറ്റ് താല്‍പര്യം –ഹമീദ് വാണിയമ്പലം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിക്കുന്നതിനുപിന്നില്‍ കോര്‍പറേറ്റ് താല്‍പര്യങ്ങളാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആരോപിച്ചു. ‘പ്രാണന് പിടയുന്ന കരിപ്പൂര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭയാത്ര കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു സ്വകാര്യ വിമാനത്താവളങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് വലിയ ഓഹരി പങ്കാളിത്തമാണുള്ളത്. അവര്‍ക്ക് കൂടുതല്‍ പണമുണ്ടാക്കാനാണ് കരിപ്പൂരിനെ തകര്‍ക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയടക്കമുള്ളവര്‍ കൂട്ടുനില്‍ക്കുന്നത്.  കരിപ്പൂരിനേക്കാള്‍ ചെറിയ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് നിലവിലുണ്ട്. എന്നിരിക്കെ റണ്‍വേയുടെ നീളവും വീതിയും കൂട്ടിയിട്ടും കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. കേരളത്തിന്‍െറ പുരോഗതി ഇടത്, വലത് ഭരണത്തിലല്ല മറിച്ച്, പ്രവാസികളുടെ പണംകൊണ്ടാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ പണി പൂര്‍ത്തീകരിച്ചതും പ്രവാസികളുടെ പണം കൊണ്ടാണ് -അദ്ദേഹം പറഞ്ഞു. 

പ്രവാസി വകുപ്പും പെന്‍ഷനുമെല്ലാം നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ പ്രവാസി വിരുദ്ധ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. കേന്ദ്രവും കരിപ്പൂരിനോട് കടുത്ത അവഗണന കാട്ടുന്ന പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാഥ ക്യാപ്റ്റന്‍ റസാഖ് പാലേരിക്ക് ഹമീദ് വാണിയമ്പലം പതാക കൈമാറി. ജില്ല പ്രസിഡന്‍റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രസിഡന്‍റ് എം.ഐ. അബ്ദുല്‍ റഷീദ്, ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, മലബാര്‍ ഡെവലപ്മെന്‍റ് ഫോറം പ്രസിഡന്‍റ് കെ.എം. ബഷീര്‍, സോളിഡാരിറ്റി ജില്ല സെക്രട്ടറി ഫിറോസ് ബാബു, സി.എച്ച്. അബൂബക്കര്‍, റഫീഖുദ്ദീന്‍ പാലേരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എം.പി. വേലായുധന്‍ സ്വാഗതവും ജില്ല വൈസ് പ്രസിഡന്‍റ് പി.സി. മുഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു. ജാഥ 23ന് വൈകീട്ട് വേങ്ങരയില്‍ സമാപിക്കും. 
 

Tags:    
News Summary - karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.