കരിപ്പൂര്‍ വിമാനത്താവളത്തില്‍ പകലും വിമാനമിറക്കാം; നിയന്ത്രണം നീക്കി

കൊണ്ടോട്ടി: റണ്‍വേ റീ കാര്‍പെറ്റിങ് പ്രവൃത്തികളുടെ ഭാഗമായി വ്യോമയാന മന്ത്രാലയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പകല്‍സമയ വിമാന സര്‍വിസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. ബുധനാഴ്ച മുതല്‍ പകലും വിമാന സർവിസുകള്‍ ആരംഭിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീക്കിയത്. റണ്‍വേയിലെ നിയന്ത്രണം നീക്കുമെങ്കിലും നേരത്തെയുണ്ടായിരുന്ന പകല്‍സമയത്തെ വിമാന സര്‍വിസുകള്‍ ഉടന്‍ പുനരാരംഭിക്കാനാകില്ല. ഒക്ടോബറില്‍ ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാകും പകല്‍ സമയത്ത് പൂര്‍ണതോതില്‍ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുക. എന്നാല്‍, വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളില്‍നിന്ന് തിരിച്ചുവിടുന്നതുമായ വിമാനങ്ങള്‍ക്ക് പകല്‍ സമയം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ല.

റണ്‍വേ റീ കാര്‍പെറ്റിങ് ടാറിങ് കഴിഞ്ഞ ജൂണ്‍ ആദ്യവാരം പൂര്‍ത്തിയായിരുന്നു. സെന്‍ട്രല്‍ ലൈന്‍ ലൈറ്റ് സ്ഥാപിക്കല്‍, ടച്ച് ഡൗണ്‍ സോണ്‍ ലൈറ്റ് ഘടിപ്പിക്കല്‍ എന്നിവയടക്കമുള്ള പ്രവൃത്തികളും നേരേത്ത പൂര്‍ത്തിയായതാണ്.

മഴ കനത്തതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിെവച്ചിരുന്നു. നിലവില്‍ ഒരു കി.മീ. നീളത്തില്‍ ഗ്രേഡിങ് പൂര്‍ത്തിയാക്കാനുണ്ട്. 2860 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ ഒരുവശം ഗ്രേഡിങ് പൂര്‍ത്തിയായിട്ടുണ്ട്. ടെര്‍മിനലിനോട് ചേര്‍ന്നുള്ള വശത്ത് പടിഞ്ഞാറാണ് പ്രവൃത്തി അവശേഷിക്കുന്നത്. ശേഷിക്കുന്ന പ്രവൃത്തി വിമാന സര്‍വിസുകളെ ബാധിക്കാത്ത രീതിയില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Tags:    
News Summary - Karipur Airport, flights can be landed during the day; Control removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.