കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിലെ തലവരി തട്ടിപ്പ്: അന്വേഷണ ഉദ്യോഗസ്ഥന് ഹൈകോടതിയുടെ വിമർശനം

കൊച്ചി: കാരക്കോണം ഡോ. സോമർവെൽ മെമോറിയൽ സി.എസ്.ഐ മെഡിക്കൽ കോളജിലെ തലവരി തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. കോളജ് ചെയർമാനും ഡയറക്ടർമാരുമടക്കം കേസിലെ മുഖ്യ പ്രതികൾക്കെതിരെ ഒരു അന്വേഷണവും നടത്താതെ നാലാം പ്രതിയായ കോളജ് ജീവനക്കാരിക്ക് പിന്നാലെ പോകുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍റെ അന്വേഷണ രീതി അത്ഭുതപ്പെടുത്തുന്നതായി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. 

വമ്പൻ സ്രാവുകൾ തടസങ്ങളില്ലാതെ നീന്തിത്തുടിക്കുേമ്പാഴും അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ നടക്കുന്ന അന്വേഷണ രീതിക്കെതിരെ മൗനം പൂണ്ട് വെറും കാഴ്ചക്കാരനായി നോക്കി നിൽക്കാൻ കോടതിക്കാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. കേസിൽ പ്രതിയാക്കാൻ നീക്കമുണ്ടെന്നും നിരപരാധികളായ തങ്ങളുടെ അറസ്റ്റ് തടയണമെന്നുമാവശ്യപ്പെട്ട് നെയ്യാറ്റിൻകര വഴുതൂർ സ്വദേശി പി.എൽ ഷിജി, കാരക്കോണം സ്വേദശി ജെ.എസ് സഞ്ജു എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജി തീർപ്പാക്കിയാണ് സിംഗിൾബെഞ്ചി​െൻറ നിരീക്ഷണം.

കോളജിൽ എം.ഡി, എം.ബി.ബി.എസ് സീറ്റുകൾ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ ക്യാപിറ്റേഷൻ ഫീസിനത്തിൽ കൈപ്പറ്റിയ ശേഷം പ്രവേശനം നൽകിയില്ലെന്ന വിദ്യാർഥികളുടെ സ്വകാര്യ അന്യായത്തിൻേമൽ കോടതി നിർദേശ പ്രകാരം വെള്ളറട, നെയ്യാറ്റിൻകര, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് വിദ്യാർഥികൾ നൽകിയ ഹരജിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. 

വിശ്വാസ വഞ്ചന, പണം കൈപ്പറ്റി വഞ്ചിക്കൽ, ധന ദുർവിനിയോഗം, അഴിമതി നിരോധന നിയമം തുടങ്ങിയവ പ്രകാരമാണ് കോളജ് ചെയർമാനും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ മുൻ സി.പി.ഐ സ്ഥാനാർഥിയുമായിരുന്ന ബെന്നറ്റ് എബ്രഹാം, ബിഷപ്പ് എ. ധർമരാജ് റസാലം എന്നിവരടക്കമുള്ളവരെ പ്രതി േചർത്തിരിക്കുന്നത്. പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ പരാതിയിൽ പണം തിരിച്ചു നൽകാനും കോളജ് അധികൃതർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും പ്രവേശന മേൽനോട്ട സമിതി നേരത്തെ നിർദേശിച്ചിരുന്നു. 

രണ്ട് മാസത്തിനകം പണം തിരിച്ചു നൽകാൻ സർക്കാറും ഉത്തരവിട്ടു. എന്നാൽ,േകസെടുക്കാതിരുന്നതോടെയാണ് വിദ്യാർഥികൾ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയും ൈഹകോടതിയെ സമീപിക്കുകയും ചെയ്തത്. കോളജിലെ അക്കൗണ്ടൻറ് മാത്രമായ തന്നെ അന്വേഷണ ഉദ്യോഗസഥൻ ചോദ്യം ചെയ്തതായി ഷിജി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു കേസിൽ മൂന്നാം പ്രതിയായ ഹരജിക്കാരി മറ്റ് കേസുകളിൽ നാലും പ്രതിയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

മറ്റ് പ്രതികൾക്ക് വേണ്ടി ക്യാപിറ്റേഷൻ ഫീസ് വാങ്ങിയെന്ന കുറ്റമാണ് ഈ ജീവനക്കാരിക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്രിമിനൽ നടപടി ക്രമം 41എ പ്രകാരം നോട്ടീസ് നൽകിയാണ് ഹരജിക്കാരിയെ ചോദ്യം ചെയ്തതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, ഒന്നാം പ്രതിയായ ചെയർമാനും രണ്ടും മൂന്നും പ്രതികളായ ഡയറക്ടർക്കും കോളജ് അധികൃതർക്കും എതിരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്ന് പ്രോസിക്യുഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി. 

പ്രവേശന മേൽനോട്ട സമിതിയും സർക്കാറും നിർദേശിച്ചിട്ടും കേസെടുക്കാതിരുന്നതോടെ വിദ്യാർഥികൾ നൽകിയ ഹരജികളിലാണ് അന്വേഷണം നടക്കുന്നത്. എന്നിട്ടും ഒന്നും രണ്ടും പ്രതികൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ ഒരു ചെുവിരൽ പോലും അനക്കിയിട്ടില്ലെന്ന് ജൂലൈ ഒന്നിന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ നിന്ന് മനസിലാകുന്നു.

ഇൗ സാഹചര്യത്തിൽ ഒന്ന്  മുതൽ മൂന്ന് വരെയുള്ള പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികളും അന്വേഷണ പുരോഗതിയും വ്യക്തമാക്കി പത്ത് ദിവസത്തിനകം ഹൈകോടതി രജിസ്ട്രാർ ജനറലിന് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് കേസി​െൻറ സാഹചര്യവും വസ്തുതയും വിലയിരുത്തിയും ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തത് പരിഗണിച്ചും പി. എൽ ഷിജിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ജെ. എസ്. സഞ്ജു കേസിൽ പ്രതിയല്ലെന്ന് പ്രോസിക്യൂഷൻ അറിയച്ചതിനെ തുടർന്ന് ഹരജി തീർപ്പാക്കി. 

ഒന്നാം ഹരജിക്കാരി പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം  ചെയ്യലിന് ഹാജരാകുകയും അറസ്റ്റ് വേണ്ടി വന്നാൽ 50000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ട് പേരുടേയും ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയോടെ ജാമ്യത്തിൽ വിടണമെന്നുമാണ് നിർദേശം. ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കരുത്, കേന്ദ്ര, സംസ്ഥാന സർക്കറുകളുടെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് സമർപ്പിക്കണം തുടങ്ങിയവയാണ് മറ്റ് ഉപാധികൾ.

Tags:    
News Summary - karakkonam csi med.collg-highcourt-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.