പാലാ: യു.ഡി.എഫ് മന്ത്രിസഭാ രൂപവത്കരണ ചർച്ചകൾ പുരോഗമിക്കെ, മുന്നണി നേതൃത്വത്തിന് മേൽ കടുത്ത സമ്മർദവുമായി മാണി സി. കാപ്പൻ എം.എ.എൽ.എ. മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടുന്ന ‘ടേം വ്യവസ്ഥ’ തനിക്ക് ഒട്ടും സ്വീകാര്യമല്ലെന്നും പൂർണമായ അഞ്ച് വർഷവും മന്ത്രിപദവി വേണമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. പാലാ ബിഷപ്പ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് വേളയിൽ പാലാ നിയസഭാ മണ്ഡലത്തിന് വലിയൊരു സമ്മാനം നൽകുമെന്ന് ഉറപ്പുനൽകിയ കോൺഗ്രസ് നേതൃത്വം ഇപ്പോൾ വാക്കുപാലിക്കാൻ തയ്യാറാകണമെന്ന് കാപ്പൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബുമായി മന്ത്രിസ്ഥാനം പങ്കിടണമെന്ന മുന്നണിയുടെ ഫോർമുലയോടുള്ള വിയോജിപ്പ് അദ്ദേഹം ഇതിനകം തന്നെ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നൽകിയ പരസ്യ വാഗ്ദാനങ്ങൾ കാപ്പൻ വാർത്താസമ്മേളനത്തിൽ അക്കമിട്ട് നിരത്തി. പാലായിൽ നടന്ന കൺവെൻഷനിൽ, മാണി സി. കാപ്പൻ ഇനി നിയമസഭയിലേക്ക് തിരിച്ചു വരുന്നത് ‘കൊടിവെച്ച വണ്ടിയിലായിരിക്കും’ എന്ന് വി.ഡി. സതീശൻ പ്രസംഗിച്ചിരുന്നു.
പാലായ്ക്ക് അർഹമായ സമ്മാനം നൽകുമെന്ന് ചെന്നിത്തലയും ഉറപ്പുനൽകിയിരുന്നു. ഈ വാക്കുകൾ പാലിക്കാനുള്ള ബാധ്യത മുന്നണിക്കില്ലേ എന്ന് കാപ്പൻ ചോദിച്ചു.
ചർച്ചകളിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അടുത്ത നീക്കം എന്തായിരിക്കുമെന്ന ചോദ്യത്തിന്, ‘അത് ആ സമയത്ത് ആലോചിച്ച് തീരുമാനിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിസ്ഥാനം സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനൊരു അന്താരാഷ്ട്ര വോളിബാൾ താരം കൂടിയായിരുന്നു എന്ന് സ്മരിച്ച് രാഷ്ട്രീയത്തിലെ ടീം കളിയെക്കുറിച്ചും കാപ്പൻ ഓർമിപ്പിച്ചു. ആറുപേർ കളിക്കുന്ന ഒരു ടീമിൽനിന്ന് ഒരാളെ മാത്രം മാറ്റിനിർത്തി കളി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ‘ടീം യു.ഡി.എഫ്’ എന്നല്ലേ വിശേഷിപ്പിക്കുന്നത്, താനും ആ ടീമിന്റെ ഭാഗമല്ലേ എന്നും അദ്ദേഹം ചോദിച്ചു.
മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായ ശേഷമേ ഏത് വകുപ്പ് വേണമെന്ന കാര്യത്തിൽ ചർച്ച നടക്കൂ. എൽ.ഡി.എഫിലെ പ്രമുഖ നേതാവായ ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയാണ് താൻ നിയമസഭയിലെത്തിയത്.
ആ നിലക്ക് തനിക്ക് അർഹമായ രാഷ്ട്രീയ പ്രാധാന്യവും പരിഗണനയും യു.ഡി.എഫ് നൽകണമെന്നാണ് കാപ്പന്റെ വാദം. മാണി സി. കാപ്പനും അനൂപ് ജേക്കബിനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകി സമവായത്തിലെത്താനാണ് യു.ഡി.എഫിൽ നിലവിൽ ആലോചന നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.