കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. പ്രാർഥനകൾ ഫലം കാണുന്നുണ്ടെന്നും ഇതിനുവേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കാന്തപുരത്തിന്‍റെ ഇടപെടലാണ് വധശിക്ഷ നീട്ടിവെക്കുന്നതിൽ നിർണായകമായത്. ഇന്നലെയും ഇന്നും കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബവും മറ്റു പ്രമുഖരും പങ്കെടുത്ത യോഗം യെമനിൽ ചേർന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രനും അറിയിച്ചിരുന്നു. പിന്നാലെയാണ് യെമൻ ഭരണകൂടം വധശിക്ഷ താൽക്കാലികമായി നീട്ടിവെച്ചത്.
പ്രാർഥനകൾ ഫലം കാണുന്നു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെ -കാന്തപുരം മുസ്‌ലിയാർ ഫേസ്ബുക്കിൽ കുറിച്ചു. വിധിപകർപ്പും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നൽകി മോചിപ്പിക്കാനുള്ള ശ്രമമാണ് യെമനിലെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തലാലിന്റെ കുടുംബക്കാർ സമ്മതിക്കാതെ വധശിക്ഷ ഇളവു ചെയ്യാൻ യെമനിലെ കോടതിക്ക് അനുവാദമില്ല. ഇസ്‌ലാം വർഗീയവാദത്തിന്റെ മതമല്ലെന്നു ലോകത്തെ പഠിപ്പിക്കലും ജനങ്ങൾക്കു നന്മ ചെയ്യാൻ ശ്രമിക്കലും നമ്മുടെ കർത്തവ്യമാണ് എന്ന നിലക്കാണ് വിഷയത്തിൽ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞിരുന്നു.
യെമനിലെ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ച വിവരം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതിനാൽ, കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് വധശിക്ഷ മാറ്റിവെച്ചതായ വിവരം പുറത്തുവന്നിരിക്കുന്നത്.
നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.