ആയുർവേദ കോളജ് സ്റ്റോപ്പ് ഒഴിവാക്കി പുതിയ ദേശീയ പാതയിലൂടെ കടന്നുപോകുന്ന ബസുകൾ മെഡിക്കൽ കോളജിന് സമീപം സർവീസ് റോഡിൽ കയറുന്ന വഴി കോൺക്രീറ്റ് ബാരിയർ കൊണ്ട് അടയ്ക്കുന്നു
കോൺക്രീറ്റ് ബാരിയർ സ്ഥാപിച്ച് തടഞ്ഞു; ബസുകൾ ഇനി ആയുർവേദ കോളജ് സ്റ്റോപ്പിലൂടെ മാത്രം
പയ്യന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ പാതയിലൂടെയുള്ള വാഹന ഗതാഗതം തുറന്ന് കൊടുത്തതിനെ തുടർന്ന് ആയുർവേദ കോളജ് ബസ് സ്റ്റോപ്പ് ഒഴിവാക്കി ബസുകൾ കടന്നു പോകുന്നത് കർശനമായി തടഞ്ഞു. ഞായറാഴ്ച കരാർ ഏറ്റെടുത്ത കമ്പനി കോൺക്രീറ്റ് ബാരിയർ ഉപയോഗിച്ച് ബസുകൾ ഇറങ്ങുന്ന വഴിയടക്കുകയായിരുന്നു.
പ്രായമായ രോഗികളെയും മറ്റും കോളജിനു മുന്നിൽ ഇറക്കാതെ പെരുവഴിയിൽ ഇറക്കിവിടുന്നത് പ്രതിഷേധം ശക്തമാക്കിയിരുന്നു. ബസുകൾ പുതിയ പാതയിലൂടെ സഞ്ചരിച്ച് ഗവ.മെഡിക്കൽ കോളജിനും ഗവ.ആയുർവേദ കോളജിനുമിടയിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. ബസുകൾ ഡി.വൈ.എഫ്.ഐ കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒയെ കണ്ട് നിവേദനം നല്‍കിയതിനു ശേഷമാണ് അലക്യംപാലം പെട്രോള്‍ പമ്പിന് സമീപം ബസുകള്‍ തടഞ്ഞ് മുഴുവന്‍ ബസുകളും ആയുര്‍വേദ കോളജ് ബസ് സ്റ്റോപ്പുവഴി കടത്തിവിട്ടത്. ദേശീയപാത നിർമാണ കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍സ് അധികൃതരെ വിളിച്ചു വരുത്തി നിലവില്‍ ബസുകള്‍ പ്രവേശിക്കുന്ന മെഡിക്കല്‍ കോളജിന് സമീപത്തുള്ള എന്‍ട്രന്‍സ് അടപ്പിക്കുകയും അലക്യംപാലം പെട്രോള്‍ പമ്പിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് വീണ്ടും ബസുകൾ സർവിസ് റോഡ് ഒഴിവാക്കി സർവിസ് നടത്തി. രണ്ടാം ദിവസവും തടഞ്ഞു. തുടർന്നാണ് പാത പൂർണമായും അടയ്ക്കാൻ തീരുമാനായത്.
ദിവസേന ആയുര്‍വേദ കോളജിലെത്തുന്ന നൂറുകണക്കിന് രോഗികളും, കൂട്ടിരിപ്പുകാരും, ആശുപത്രി ജീവനക്കാരും, കടന്നപ്പള്ളി, വിളയാങ്കോട്, അലക്യംപാലം, കോട്ടത്തുംചാൽ, തെക്കേക്കര പ്രദേശങ്ങളിലുള്ള ബഹുജനങ്ങളും ബസ് യാത്രക്കായി എത്തുന്ന പ്രധാന ബസ് സ്റ്റോപ്പാണ് ആയുർവേദ കോളജ് ബസ് സ്റ്റോപ്പ്. ബസുകൾ സ്റ്റോപ്പിലേക്ക് എത്താതെ 500 മീറ്ററോളം മാറി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് ആയുർവേദ കോളജിലേക്ക് വരുന്ന രോഗികൾ ഉൾപ്പടെയുള്ളവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.