ദേശീയപാത 66ൽ കല്യാശ്ശേരി മുതൽ പുതിയ വളപട്ടണം പാലം വരെയുള്ള പ്രദേശത്തെ പ്രവൃത്തി നിർത്തിവെച്ച അവസ്ഥയിൽ. നിഷാദ് പടിഞ്ഞാറ്റുമുറി പകർത്തിയ ചിത്രം
കണ്ണൂർ ബൈപാസ് പ്രവൃത്തി എന്നു തീരും?; പലയിടത്തും നിർമാണം പാതിവഴിയിൽ നിലച്ചു
പാപ്പിനിശ്ശേരി: ദേശീയപാത കണ്ണൂർ ബൈപാസ് പദ്ധതിയിൽ കല്യാശ്ശേരി മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ഭാഗത്തെ നിർമാണപ്രവൃത്തി അനന്തമായി നീളുന്നു. നിലവിൽ പലയിടത്തും പ്രവൃത്തി നിർത്തിവെച്ച സ്ഥിതിയാണ്. സമയബന്ധിതമായി പൂർത്തിയാക്കേണ്ട പദ്ധതി നീളുന്നത് നിർമാണച്ചെലവ് വർധിക്കുന്നതിന് കാരണമാവും.
പാപ്പിനിശ്ശേരി മുതൽ പുതിയ പാലം വരെയുള്ള ഭാഗങ്ങളിൽ ബലക്ഷയമുള്ള ചതുപ്പുനിലമായതിനാൽ റോഡ് നിർമാണത്തിന് ആവശ്യമായ ഭൂമിയുടെ ശേഷി വർധിപ്പിക്കുന്നതിന് ഭൂമി ബലപ്പെടുത്തൽ പ്രവൃത്തി നടത്തിയിരുന്നു. വേളാപുത്ത് മണ്ണ് പരിശോധനയും സാങ്കേതിക പഠനങ്ങളും നടത്തിയിരുന്നു. വേളാപുരം മുതൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമിക്കേണ്ട പ്രവൃത്തി ഒരു വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്.
മണ്ണിട്ട് റോഡ് ഉയർത്തി നിർമിക്കുമ്പോൾ റോഡിന്റെ ഇരുവശത്തുമുള്ള പ്രദേശങ്ങൾ തമ്മിലുള്ള സ്വാഭാവിക ബന്ധം നഷ്ടപ്പെടാനും ജനങ്ങളുടെ സഞ്ചാരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ, വയഡക്റ്റ് നിർമിക്കുന്നതിലൂടെ റോഡിന് താഴെയുള്ള ഭാഗങ്ങളിൽ ആവശ്യമായ ഇടങ്ങൾ നിലനിർത്താനും ഇരുവശത്തുമുള്ള പ്രദേശങ്ങൾ തമ്മിലുള്ള സഞ്ചാരം സുഗമമാക്കാനും കഴിയും.
ഇത്രയും വലിയ അടിസ്ഥാന സൗകര്യ പദ്ധതി നടപ്പാക്കുമ്പോൾ തുടക്കത്തിൽ തന്നെ പ്രദേശത്തിന്റെ ഭൂപ്രകൃതി, മണ്ണിന്റെ സ്വഭാവം, ജലനിർഗമനം, ജനവാസ മേഖലകൾ, ഗതാഗത ആവശ്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ പഠനം നടത്തി രൂപരേഖ വേണ്ടിയിരുന്നു. പ്രവൃത്തി ആരംഭിച്ചതിന് ശേഷവും പലതവണ തീരുമാനങ്ങളിൽ മാറ്റം വരുത്തിയതും തിരിച്ചടിയായി. വിവിധ ഭാഗങ്ങളിൽ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നതും പദ്ധതിയുടെ നടത്തിപ്പിലെ പോരായ്മകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.
2024ൽ പൂർത്തീകരിക്കേണ്ട പ്രവൃത്തിയാണ് ഇപ്പോഴും പൂർത്തിയാകാത്തത്. പദ്ധതി നീളുന്നതിനനുസരിച്ച് നിർമാണച്ചെലവും വർധിക്കാനുള്ള സാധ്യതയേറെയാണ്. നിർമാണ സാമഗ്രികളുടെ വിലവർധന, തൊഴിലാളിച്ചെലവ്, സാങ്കേതിക മാറ്റങ്ങൾ, പുതുക്കിയ രൂപകൽപനകൾ, അധിക നിർമാണ പ്രവൃത്തികൾ എന്നിവയെല്ലാം പദ്ധതിയുടെ ആകെ ചെലവിനെ ബാധിക്കും. ഈ നിലക്കാണ് പ്രവൃത്തിയെങ്കിൽ ദേശീയപാത 66ന്റെ കേരളത്തിലെ മുഴുവൻ പ്രവൃത്തികളും 2030ഓടെ മാത്രമേ പൂർത്തിയാകൂവെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.