കണ്ണൂര്‍: കര്‍ശന നടപടിക്ക് സര്‍വകക്ഷി യോഗ തീരുമാനം

തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസ് റെയ്ഡ് ശക്തമാക്കും. ഇതിന് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും അല്ലാതെയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത ചില കക്ഷികള്‍കൂടി ആ ചര്‍ച്ചയില്‍ ആവശ്യമുണ്ട്. കുറ്റവാളികള്‍ക്കെതിരെ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കും. സമാധാന സംഭാഷണത്തിന്‍െറ സ്പിരിറ്റ് ഏതെങ്കിലും പാര്‍ട്ടി അണികള്‍ ഉള്‍ക്കൊള്ളാതെ വീണ്ടും ആക്രമണം നടത്തിയാല്‍ അവരെ ബന്ധപ്പെട്ട പാര്‍ട്ടി തള്ളിപ്പറയും. കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തിന്‍െറ പ്രധാന കേന്ദ്രങ്ങളില്‍ സി.സി ടി.വി സ്ഥാപിക്കും.

ചിലയിടങ്ങളില്‍ പ്രത്യേക ആളുകളോ പാര്‍ട്ടികളോ സംഘടനകളോ ആരാധനാലയങ്ങള്‍ കൈവശംവെക്കുന്ന രീതിയുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രങ്ങളായി ആരാധനാലയങ്ങളെ മാറ്റുന്നു. അത്തരം പ്രവര്‍ത്തനം ആരാധനാലയത്തില്‍ അനുവദിക്കില്ല. വിശ്വാസികളുടെ കേന്ദ്രമായി അവ നിലനിര്‍ത്തണമെന്ന് യോഗം തീരുമാനിച്ചു. വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കുന്ന സ്ഥിതിയുണ്ട്. നിരപരാധികളായ സ്ത്രീകളും കുട്ടികളും ആക്രമണത്തിന് ഇരയാകുന്നു. ഇതു തുടരാന്‍ പാടില്ല.   

സംഘര്‍ഷമുണ്ടാകുന്നിടത്ത് പ്രാദേശികമായി ചര്‍ച്ച നടത്താന്‍ വേദിയൊരുക്കും. ചിലയിടങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ ആള്‍ബലത്തിലൂടെ മോചിപ്പിക്കുന്ന രീതിയുണ്ട്. അത് ശരിയല്ല. അത്തരം നിലപാട് ഒരു പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ളെന്ന് യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ നേരത്തേ നടന്ന രണ്ടു യോഗങ്ങളുടെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല സര്‍വകക്ഷി യോഗം ചേര്‍ന്നത്. യോഗത്തില്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, കെ.എം. മാണി, സി.കെ. നാണു, കെ. കൃഷ്ണന്‍കുട്ടി, പി.സി. ജോര്‍ജ്, എം.വി. ഗോവിന്ദന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഉഴവൂര്‍ വിജയന്‍, കെ.കെ. അരവിന്ദാക്ഷന്‍, ആര്‍. സുഗുണന്‍, കോവൂര്‍ കുഞ്ഞുമോന്‍, ജോണി നെല്ലൂര്‍, ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദ്, അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി ആര്‍. ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.   

 

 

 

Tags:    
News Summary - kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.