കണ്ണൂരിലെ സമാധാന യോഗം: മുഖ്യമന്ത്രിക്ക് പൊലീസ് ‘വിലക്ക്’

കണ്ണൂര്‍:  കണ്ണൂരില്‍ ക്രമസമാധാന നില കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജില്ലാ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം പുതിയ പാക്കേജ് ആവിഷ്കരിച്ചു. ഇത് നടപ്പാക്കാനാവുന്നില്ളെങ്കില്‍ സമാധാന യോഗം മുഖ്യമന്ത്രി നേരിട്ട് വിളിച്ചു കൂട്ടുന്നതില്‍ ഗുണമില്ളെന്ന റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറാനും ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. അതേസമയം, കൊലപാതക രാഷ്ട്രീയത്തില്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കാനാവുന്നില്ളെന്ന അഭിപ്രായം ചില ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു.

പുതിയ അക്രമരീതിക്ക് പ്രധാനപ്പെട്ട ചില സവിശേഷതകളുണ്ടെന്നാണ് ഡിവൈ.എസ്.പിമാര്‍ അവതരിപ്പിച്ച അവലോകനത്തിന്‍െറ രത്നച്ചുരുക്കം. സി.പി.എമ്മിന്‍െറ ശക്തികേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കി പൊലിപ്പിക്കുന്നതില്‍  ദേശീയനേതൃത്വത്തിന്‍െറ പിന്തുണയോടെ സംഘ്പരിവാര്‍ മുന്നേറുന്നതാണ് ഇതിലൊന്ന്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ജില്ലയിലെ ഈ ‘ ഒളിയുദ്ധം’ മനസ്സിലാക്കി വിവേകപൂര്‍വമായ സമീപനം മറുപക്ഷത്ത് ഉണ്ടാവുന്നില്ല എന്നതാണ് പൊലീസ് നേരിടുന്ന രണ്ടാമത്തെ പ്രശ്നം.

സി.പി.എമ്മുകാര്‍ മാത്രമാണ് ആക്രമിക്കപ്പെട്ടതെങ്കില്‍ ഉടനെ പ്രതികളെ പിടികൂടുന്നതിന് രാഷ്ട്രീയമായ പിന്തുണ പൊലീസിന് കിട്ടുന്നുണ്ട്. പക്ഷേ, അതിന് പ്രതികാരം ഉടലെടുക്കുമ്പോള്‍ അതേശക്തിയില്‍ സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യുന്നതിന് താമസം നേരിടുന്നു. ഈ അസന്തുലിതാവസ്ഥ എല്ലാ കേസുകളിലും ഉണ്ടായി. മുഖ്യമന്ത്രിയെപ്പോലെ ഉത്തരവാദപ്പെട്ട  ആള്‍ സമാധാന യോഗം വിളിച്ചുകൂട്ടുമ്പോള്‍ പൊലീസ് നടപടിയിലെ അസന്തുലിതാവസ്ഥ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നും അതിനാല്‍ നടപടി ശക്തിപ്പെടുത്തി വിജയിപ്പിക്കുന്നതിന് എല്ലാ സന്നാഹവും ഉടനെ ഉപയോഗിക്കണമെന്നും യോഗം തീരുമാനിക്കുകയായിരുന്നു.

ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ സബ്ഡിവിഷന്‍ തല സന്നാഹത്തോടെ കണ്‍ട്രോള്‍റൂമും 20 ഓളം പട്രോളിങ് സന്നാഹവും അടിയന്തരഘട്ടങ്ങള്‍ നേരിടാന്‍ രണ്ട് കമ്പനി സായുധ പൊലീസ്, റെയ്ഡുകള്‍ എന്നിവ ശക്തിപ്പെടുത്താനും തീരുമാനിച്ചു. പയ്യന്നൂര്‍ ഇരട്ടക്കൊല നടന്നപ്പോള്‍ ജില്ലാതല സമാധാന യോഗം കൊണ്ട് കാര്യമില്ളെന്ന് ഡി.ജി.പിതലത്തില്‍ സര്‍ക്കാറിന്  നിര്‍ദേശം ലഭിച്ചിരുന്നു. മൂന്ന് മന്ത്രിമാരും മുഖ്യമന്ത്രിയും ഉള്‍പ്പെടുന്ന ജില്ലയില്‍ ജില്ലാ കലക്ടര്‍ക്ക് മുകളിലുള്ള ഭരണനേതൃത്വം യോഗം വിളിക്കണമെന്നായിരുന്നു അന്നത്തെ പൊലീസ് റിപ്പോര്‍ട്ട്. നഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായത് പോലുള്ള സമാന രാഷ്ട്രീയ സംഘര്‍ഷത്തിലേക്കാണ് ജില്ല നടന്നു നീങ്ങുന്നത്.

പിണറായി മുഖ്യമന്ത്രിയായശേഷം ജില്ലയിലെ രാഷ്ട്രീയ കൊലപാതകം അരഡസനിലത്തെി.  1999 ഡിസംബറില്‍ യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകവും പിന്നീട് ഇരുപക്ഷത്തുമായി ഏഴുപേരും കൊല്ലപ്പെട്ടു. അതിന് ശേഷമാണ് കണ്ണൂര്‍ കലക്ടറേറ്റില്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സാന്നിധ്യത്തില്‍ സംസ്ഥാനതല നേതാക്കളുടെ സര്‍വകക്ഷി യോഗം ചേര്‍ന്ന് ഐക്യകരാറില്‍ ഒപ്പിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍െറ ജില്ലയെന്ന നിലയില്‍ അദ്ദേഹം നായനാരുടെ ഇടപെടലി െന മാതൃകയാക്കണമെന്നാണ് സംഘ്പരിവാറിന്‍െറ ആവശ്യം.

സമാധാനം ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യത -സി.പി.ഐ
സര്‍ക്കാര്‍ അടിയന്തരമായി മുന്‍കൈയെടുത്ത് കണ്ണൂരില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന് സി.പി.ഐ.  ആക്രമണത്തെ ആക്രമണംകൊണ്ട് നേരിടുകയാണ് പരിഹാരമെന്ന് കരുതുന്നത് മൗഢ്യമാണെന്നും ആലപ്പുഴയില്‍ നടക്കുന്ന  പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

നാടിന്‍െറയും ജനതയുടെയും സംരക്ഷണമെന്ന ഉത്തരവാദിത്തം നിറവേറ്റേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണ്. ആക്രമണത്തിനെതിരെ ജനമനസ്സാക്ഷി ഉണര്‍ത്തി അക്രമികളെ ഒറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കണം. കണ്ണൂരില്‍ അശാന്തി പടര്‍ന്നുപിടിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും  സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കണ്ണൂരിനെ സംഘര്‍ഷഭൂമിയാക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത് അവരുടെ അജണ്ടയുടെ ഭാഗമായാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയ ഉടന്‍ കൊലപാതകങ്ങളുമായി സംഘ്പരിവാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു.  

എല്‍.ഡി.എഫ് സര്‍ക്കാറിനെ തകര്‍ക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായി കേരളത്തിലെമ്പാടും ആക്രമണം അഴിച്ചുവിടാനും കണ്ണൂരില്‍ കൊലപാതകങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുമ്പോള്‍ ഇടതുപക്ഷം ഉണര്‍ന്നുപ്രവര്‍ത്തിക്കണം. കണ്ണൂരില്‍ ഇനിയൊരു കൊലപാതകവും ഉണ്ടാകാന്‍ പാടില്ല. അത് യാഥാര്‍ഥ്യമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. കൊലപാതകം എന്നതിനെ മുഖ്യ കാര്യപരിപാടിയില്‍നിന്ന് എല്ലാ പാര്‍ട്ടികളും ഒഴിവാക്കാന്‍ തയാറാകണം. എല്‍.ഡി.എഫ് സര്‍ക്കാറിനെ തകര്‍ക്കാനുള്ള ഗൂഢപദ്ധതികളുമായി നീങ്ങുന്ന  സംഘ്പരിവാറിന് ഇന്ധനം പകര്‍ന്നുനല്‍കുന്ന ഒരു സമീപനവും ഇടതുപക്ഷത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.

Tags:    
News Summary - KANNUR PEACE MEETING

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.