കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുന്നത് സംബന്ധിച്ച് ആലോചന. സമാധാന ചര്‍ച്ചക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് വരണമെന്നാണ് സംഘ്പരിവാറിന്‍െറ ആവശ്യം. അതിന് വഴങ്ങരുതെന്ന് ജില്ലയിലെ സി.പി.എം നേതൃത്വം മുഖ്യമന്ത്രിയോട് അനൗദ്യോഗികമായി അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, സി.പി.ഐ ഉള്‍പ്പെടെയുള്ള മുന്നണിയിലെ സംഘടനകള്‍ കണ്ണൂര്‍ വിഷയത്തില്‍ സി.പി.എമ്മിന് നേരെ ഒളിയമ്പെയ്യുന്ന നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉന്നതതലത്തില്‍ ഇങ്ങനെയൊരു ആലോചന നടക്കുന്നത്.
ആഭ്യന്തര വകുപ്പ് ഉന്നത വൃത്തങ്ങള്‍ സംഘ്പരിവാര്‍ നേതൃത്വത്തിന്‍െറ മനസ്സറിയാന്‍ ഇന്നലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രി വന്നാലേ തങ്ങള്‍ ചര്‍ച്ചക്ക് വരുകയുള്ളൂ എന്ന നിലപാട് അവര്‍ ആവര്‍ത്തിക്കുകയായിരുന്നു. പിണറായി വിജയന്‍െറ മണ്ഡലത്തിലാണ് തങ്ങളുടെ അമ്പതോളം കുടുംബങ്ങള്‍ കിടപ്പാടം തകര്‍ന്ന് വഴിയാധാരമായിരിക്കുന്നതെന്ന് ബി.ജെ.പി നേതൃത്വം ഡി.ജി.പിയെ നേരിട്ട് അറിയിച്ചു. എന്നാല്‍, ബോധപൂര്‍വം തങ്ങളുടെ ഗ്രാമങ്ങളില്‍ സംഘ്പരിവാര്‍ പ്രശ്നങ്ങളുണ്ടാക്കി പ്രകോപനം വളര്‍ത്തുകയാണെന്നാണ് സി.പി.എമ്മിന്‍െറ നിലപാട്.
കണ്ണൂരിലെ പ്രശ്നങ്ങള്‍ ദേശീയതല പ്രചാരണ ആയുധമാക്കുകയാണ് സംഘ്പരിവാര്‍. പിണറായിയിലും പയ്യന്നൂരിലും ഉണ്ടായ സംഭവങ്ങള്‍ക്ക് ശേഷം മൂന്ന് തവണ കേന്ദ്ര ആഭ്യന്തരവകുപ്പിന് സംസ്ഥാന പൊലീസ് സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കേണ്ടി വന്നിട്ടുണ്ട്. ബി.ജെ.പി വൈചാരിക വിഭാഗം കണ്‍വീനര്‍ മോഹന്‍ദാസ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കിയ കത്തില്‍ കേരളത്തെ ‘അഫ്സ്പ’ നിയമത്തിന് കീഴിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ടെലിഫോണിലൂടെ കണ്ണൂര്‍ വിഷയം സംസാരിച്ചുവെന്നാണ് വിവരം.
മന്ത്രി തോമസ് ഐസക്കിന്‍െറ നേതൃത്വത്തില്‍ നാലംഗ മന്ത്രിസഭാ സമിതിയെ നിയോഗിക്കാമോ എന്നാണ് ആലോചന. കണ്ണൂരില്‍ ജില്ലാതല സര്‍വകക്ഷിയോഗം ആദ്യം ചേരുകയും പ്രശ്നപ്രദേശങ്ങളില്‍ അതാത് മേഖലകളിലെ നേതാക്കളുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സമാധാന റാലി ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് നീക്കം. സംഘ്പരിവാറിനെ ഇതിനായി അനുനയിപ്പിക്കാന്‍ ചില സാംസ്കാരിക നായകരെയും രംഗത്തിറക്കാന്‍ ശ്രമമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.