െകാച്ചി: വന്‍ നികുതിയിളവ് അനുവദിച്ച് കണ്ണൂര്‍ വിമാനത്താവളത്തിന് പ്രത്യേക പരിഗണന നൽകുന്നത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാർ വിശദീകരണം തേടി. വിമാന ഇന്ധന നികുതി 28 ല്‍നിന്ന് ഒരുശതമാനമായി കുറച്ചതിലൂടെ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളോട് വിവേചനം കാട്ടുന്നതായി ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി എം. റിയാസ് മുഹമ്മദ് നൽകിയ ഹരജിയാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
നികുതിയിളവ് അനുവദിച്ച് 2018 നവംബർ മൂന്നിനാണ് സർക്കാർ ഉത്തരവുണ്ടായത്. ചരക്ക് സേവന നികുതി നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ഇന്ധന വിറ്റുവരവിെൻറ നികുതി ഒരു ശതമാനമാക്കി കുറക്കാനാണ് തീരുമാനിച്ചത്. കണ്ണൂർ വിമാനത്താവളം വഴിയുള്ള ആഭ്യന്തര വിമാനങ്ങൾക്ക് പത്ത് വർഷത്തേക്കാണ് നികുതിയിളവ് അനുവദിച്ചത്. ഇത് ചരക്ക് സേവന നികുതി നിയമത്തിെൻറ ദുരുപയോഗമാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. നടപടി സ്വേച്ഛാപരവും വിവേചനപരവുമാണ്. സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ആവശ്യം.
എന്നാൽ, പുതിയ വിമാനത്താവളത്തെ സഹായിക്കണമെന്ന തീരുമാനത്തിെൻറ ഭാഗമാണ് നടപടിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചരക്ക് സേവന നികുതി നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ആനുകൂല്യങ്ങൾ അനുവദിക്കാൻ അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി. കൂടുതൽ വിശദീകരണം തേടിയ കോടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.