ചക്കരക്കല്ല് (കണ്ണൂർ): അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻരാജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ പുതിയ വിശദീകരണവുമായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻരാജ്. ആത്മഹത്യ ചെയ്ത നിതിൻരാജ് ഡിസംബർ, ജനുവരി മാസങ്ങളിലായി ലോൺ ആപ്പ് വഴി ലോണെടുത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് കോളജിലെ അധ്യാപികയെ ലോൺ ഏജൻറ് വിളിച്ചിരുന്നുവെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡിസംബർ, ജനുവരി മാസങ്ങളിലായി നിതിൻരാജ് ലോൺ ആപ്പ് വഴി ലോണെടുത്തിരുന്നു. എന്നാൽ ലോൺ തുക കൃത്യമായി തിരിച്ചടക്കാൻ സാധിച്ചില്ല. അതോടെ ലോൺ ഏജൻറ് നിരന്തരമായി വിളിച്ചു. ആദ്യസമയങ്ങളിൽ ഫോൺ എടുത്ത് എജൻറിന് മറുപടി കൊടുത്ത നിതിൻരാജ്, പിന്നീട് ഫോൺ എടുക്കാതായി. ഇതോടെ നിതിൻരാജിന്റെ ഫോണിലെ കോൺടാക്റ്റ് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു. ഇതിലൂടെ വിദ്യാർഥിയുടെ അധ്യാപകരിലൊരാളെയും ഏജന്റുമാർ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോളജിലെ അധ്യാപികയെ ലോൺ ഏജൻറ് വിളിക്കാൻ തുടങ്ങി. നിരന്തരമായി ഏജൻറ് വിളിച്ചതോടെ അധ്യാപിക സൈബർ പൊലീസിന് പരാതി നൽകി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും (ഏപ്രിൽ 10) അധ്യാപികയെ ലോൺ ഏജൻറ് വിളിച്ചിരുന്നു. തുടർന്ന് അധ്യാപിക പ്രിൻസിപ്പാളിനെ വിവരം അറിയിച്ചു. പ്രിൻസിപ്പാൾ നിതിൻരാജിനെ ഓഫിസിലേക്ക് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. ലോൺ ആപ്പ് ഏജൻസി നിരന്തരമായി നിതിൻരാജിനെ വിളിച്ചിട്ടുണ്ട്. ഇത് കടുത്ത മാനസിക പ്രയാസം സൃഷ്ടിക്കാൻ സാധ്യതയുണ്ട്’ -സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. വരും ദിവസങ്ങളിൽ സൈബർ പൊലീസിന്റെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബി.എൻ.എസ്.എസ് വകുപ്പ് 108 (ആത്മഹത്യാ പ്രേരണ), എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ കൂടി ചേർത്തു. മരിച്ച നിതിൻരാജിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അധ്യാപകന് ലഭിച്ച ഭീഷണി സന്ദേശങ്ങളിലും കോളുകളിലും പ്രത്യേകമായി സൈബർ പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കണ്ണൂർ എ.സി.പി ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടർ ഫക്രുദ്ദീൻ കെ.എ., ചക്കരക്കൽ എസ്ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർ/ സിവിൽ പൊലീസ് ഓഫിസർ, കണ്ണൂർ സിറ്റി സൈബർ സെൽ എന്നിവരുൾപ്പെടെ ഏഴുപേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.