കൊച്ചി: സി.പി.ഐ നേതാവും കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ എന്‍. ഭാസുരാംഗൻ ബിനാമി അക്കൗണ്ട് വഴി കോടികൾ തട്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 51 കോടി രൂപയാണ് ബിനാമി അക്കൗണ്ട് വഴി വായ്പയെടുത്തത്. അജിത് കുമാർ, ശ്രീജിത് തുടങ്ങിയ പേരുകളിലാണ് വായ്പ. തിരിച്ചടവ് മുടങ്ങിയ ഈ വായ്പയുടെ വിവരം മറച്ചുവെച്ചു. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു. കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ) കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഈ വിവരങ്ങൾ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും അറസ്റ്റ് ചെയ്ത ഇ.ഡി ഇവരെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കുടുംബാംഗങ്ങളുടെ പേരിലും ഭാസുരാംഗൻ വായ്പ തട്ടിപ്പ് നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി. 2.34 കോടിയാണ് ഇങ്ങനെ എടുത്തത്. ഒരേ വസ്തു ഒന്നിലേറെ തവണ ഈടായി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. അഖിൽജിത്തും 74 ലക്ഷം രൂപ ഇത്തരത്തിൽ വായ്പയെടുത്തിട്ടുണ്ട്. ഇയാൾക്ക് വാർഷിക വരുമാനം 10 ലക്ഷം മാത്രമാണെങ്കിലും നിരവധി കമ്പനികളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. ബി.ആർ.എം സൂപ്പർ മാർക്കറ്റ്, ബി.ആർ.എം ട്രെഡിങ് കമ്പനി അടക്കമുള്ളവയിൽ ഇയാള്‍ക്ക് നിക്ഷേപമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും സമാനമായ രീതിയിൽ കണ്ടല ബാങ്കിൽ നടന്ന 200 കോടിയുടെ തട്ടിപ്പിനും ഉന്നതരാഷ്ട്രീയ ബന്ധമുണ്ടെന്ന് ഇ.ഡി പറയുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.