പത്തനംതിട്ട: അഖിലേന്ത്യ നേതാവ് പി.ജെ. കുര്യന്റെ തട്ടകമായ കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിലെ തോൽവി ജില്ലയിലെ കോൺഗ്രസിൽ വിഭാഗീയത രൂക്ഷമാക്കിയേക്കും. ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കൾ പരാജയത്തിന് പിന്നാലെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തി.
കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തിയത് കണ്ണുതുറന്ന് കാണാൻ നേതൃത്വങ്ങൾ തയാറാകണമെന്ന് എ വിഭാഗം ഉന്നയിച്ചു.പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന കല്ലൂപ്പാറയിലെ ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡിൽ പാർട്ടി സ്ഥാനാർഥി രാജൻ കുഴിവിലേത്തിന് വെറും 155 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി സ്ഥാനാർഥി രാമചന്ദ്രൻ ഇപ്രാവശ്യം 454 വോട്ടുനേടിയാണ് വിജയിച്ചത്. 2005ലും 2010ലും തുടർച്ചയായി യു.ഡി.എഫ് വിജയിച്ചുവന്ന വാർഡ് കൂടിയായിരുന്നു ഇത്.
വാർഡിൽ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാഞ്ഞതാണ് തോൽവിക്ക് കാരണമായതെന്ന് ഒരുവിഭാഗം പറയുന്നു. ഒരുകാലത്ത് ബി.ജെ.പി പിന്തുണയോടെ രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ. കുര്യൻ ജില്ലയിൽ പാർട്ടി കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നതിൽ രോഷാകുലരായ പ്രവർത്തകർ വോട്ട് മറിച്ചതാണ് ബി.ജെ.പിക്ക് ഗുണകരമായതെന്ന് സൂചനയുണ്ട്. ഡൽഹി വിട്ട പി.ജെ. കുര്യൻ ജില്ലയിൽ താവളമുറപ്പിക്കാൻ ശ്രമിക്കുന്നതിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന ഡി.സി.സി നേതൃത്വത്തോടും ജില്ലയിൽ വലിയ എതിർപ്പ് രൂപപ്പെട്ടിട്ടുണ്ട്.
ഇതാണ് രണ്ടാഴ്ച മുമ്പ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പി.ജെ. കുര്യനെതിരായ കൈയേറ്റത്തിലേക്ക് നീങ്ങിയത്. ജില്ലയിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനിയാണ് കുര്യനെന്ന പരാതിയും സസ്പെൻഷനിലായ മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായ വിമർശനം ഉന്നയിച്ചിരുന്നു.
പി.ജെ. കുര്യന്റെ നേതൃത്വത്തില്‍ നടത്തുന്ന രാജീവ് ഗാന്ധി ഗുഡ്വില് ട്രസ്റ്റിന്റെ പേരിൽ അഴിമതി നടക്കുന്നതായി ബാബു ജോർജ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു.ജില്ലയില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം കുര്യനാണെന്നും 40 വര്‍ഷത്തോളം വിവിധ അധികാര സ്ഥാനങ്ങളില്‍ തുടര്‍ന്ന് തനിക്കുശേഷം ആരും വളരരുതെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും എന്ന ബാബു ജോർജിന്റെയും കൂട്ടരുടെയും ആരോപണത്തിന് മറുപടി കുര്യൻ നൽകിയിട്ടില്ല.
ആരോപണത്തിന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലാണ് മറുപടി നൽകുന്നത്. ഡി.സി.സി നേതൃത്വത്തെ കുര്യൻ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻപോലും കരുക്കൾ നീക്കുന്നതായും എ വിഭാഗം തുറന്നടിച്ചു. കോണ്‍ഗ്രസില്‍നിന്നുകൊണ്ട് ബി.ജെ.പിയുമായി കുര്യന് പലതവണ ചര്‍ച്ച നടത്തിയതായും ചില നേതാക്കൾതന്നെ പറയുന്നു. സമൂഹ മാധ്യമങ്ങളിൽപോലും കുര്യനെതിരെ എതിർപ്പും ട്രോളുകളും ഉയരുന്നുണ്ട്.
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാൻ വിപ്പ് നൽകിയതും മൈലപ്രയിൽ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അഞ്ച് അംഗങ്ങളുള്ള കോൺഗ്രസ് മത്സരിക്കാതെ സി.പി.എമ്മിനെ സഹായിച്ചതും വരും ദിവസങ്ങളിൽ പാർട്ടിയിൽ ചർച്ചക്കിടയാക്കും. കൂടിയാലോചനകൾ ഇല്ലാതെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതാണ് പതനത്തിന് കാരണമെന്ന് നേതാക്കൾ പറയുന്നു.
ഡി.സി.സി പുനഃസംഘടനാ പട്ടികയിൽ കുര്യൻ അനുകൂലികൾ ഇടംപിടിച്ചതിലും എ വിഭാഗത്തെ തഴഞ്ഞതിലും പ്രതിഷേധിച്ച് മുൻ പ്രസിഡന്റുമാരായ പി. മോഹൻരാജ്, കെ. ശിവദാസൻ നായർ, ബാബു ജോർജ് തുടങ്ങിയവർ ഡി.സി.സി യോഗം ബഹിഷ്കരിച്ചിരുന്നു. ഇവിടെനിന്ന് ഉടക്കി ഇറങ്ങുന്നതിനിടെയാണ് സസ്പെൻഷനിലേക്ക് നീങ്ങിയ ബാബു ജോർജിന്റെ വിവാദ കതക് ചവിട്ടിത്തുറക്കൽ നടന്നത്.
പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് മുതിര്‍ന്ന നേതാവ് പ്രഫ. പി.ജെ. കുര്യനും ജില്ല കോണ്‍ഗ്രസ് കമ്മിറ്റിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ബാലിശവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.
ബാബു ജോര്‍ജ് ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ നേതൃത്വം നല്കി നടത്തിയ 2020ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ആകെയുള്ള 53 ഗ്രാമപഞ്ചായത്തില്‍ 14 പഞ്ചായത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണം ലഭിച്ചത്. ഇതില്‍ ഏഴോളം പഞ്ചായത്തുകള്‍ ഡി.സി.സി പ്രസിഡന്റിന്റെ പഞ്ചായത്തായ കടപ്ര ഉള്‍പ്പെടെ പ്രഫ. പി.ജെ. കുര്യന്റെ നിയോജകമണ്ഡലമായ തിരുവല്ലയില്‍ ഉള്‍പ്പെട്ടതാണ്. ബ്ലോക്ക് പഞ്ചായത്തില്‍ ഒരിടത്തും ഭരണം ലഭിച്ചില്ല.
ബാബു ജോര്‍ജിന്റെ നിയോജക മണ്ഡലമായ കോന്നിയില്‍ രണ്ട് ഗ്രാമപഞ്ചായത്തിന്റെ ഭരണം മാത്രമാണ് ലഭിച്ചത്.20 വാര്‍ഡുള്ള ബാബു ജോര്‍ജിന്റെ സ്വന്തം പഞ്ചായത്തായ കലഞ്ഞൂരില്‍ അഞ്ച് വാര്‍ഡില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. കലഞ്ഞൂര്‍ പഞ്ചായത്തിലെ ബാബു ജോര്‍ജിന്റെ സ്വന്തം വാര്‍ഡായ നാലിൽ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് 113 വോട്ട് ലഭിച്ച് മൂന്നാം സ്ഥാനത്തായിരുന്നു.
വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ട് ഉണ്ടാക്കി ഗ്രാമപഞ്ചായത്ത് ഭരണം നേേടണ്ട എന്ന കെ.പി.സി.സിയുടെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തോട്ടപ്പുഴശ്ശേരി, മൈലപ്ര പഞ്ചായത്തുകളില്‍ തീരുമാനമെടുത്തത്.ഈ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ഡി.സി.സി നേതൃത്വം ചെയ്തതെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.