തിരുവനന്തപുരം: കള്ളാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തുരങ്കപാതക്ക് നിർമാണ അനുമതി നൽകിയപ്പോൾ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച കർശന വ്യവസ്ഥകൾ നിർമാണ കമ്പനി പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പി.എസ്.സിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന മുഴുവൻ ആരോപണങ്ങളും സർക്കാർ പരിശോധിക്കും. ക്രൈംബ്രാഞ്ച് സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റത്തിൽ നിയമപരമായ വശങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് മന്ത്രിസഭ പരിശോധിക്കും.
വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച വിവരം നേരത്തെ അറിഞ്ഞിരുന്നത് ദേശാഭിമാനി മാത്രമായിരുന്നുവെന്ന് വി.ഡി. സതീശൻ പഴയ പത്രവാർത്ത ഉയർത്തിക്കാട്ടി ചൂണ്ടിക്കാട്ടി. അദാനിയും എം.എസ്.സി കമ്പനിയും തമ്മിൽ ഒരു വർഷമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. 2026 ജൂൺ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ദേശാഭിമാനിയുടെ ഈ വാർത്തയുടെ ഉറവിടം എൽ.ഡി.എഫ് സർക്കാർ തന്നെയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്. അഞ്ചുപേരെയാണ് മണ്ണിനടിയിൽനിന്ന് കണ്ടെത്താനുള്ളത്.
ദുരന്തത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കും. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമിക്കുന്ന മീനാക്ഷിമലയിൽ ഇന്നലെ രാവിലെ 11.10-ഓടെയാണ് അപകടമുണ്ടായത്. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപ്പറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശി സിവിൽ ഫോർമാൻ ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശി അൻമോൽ (തൊഴിലാളി) എന്നിവരാണ് മരിച്ചത്.
കാണാതായവരെ കണ്ടെത്തുന്നതിനായി മനുഷ്യസാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന ഡിറ്റക്ടറുകളും കെഡാവർ നായ്ക്കളെയും എത്തിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ - ഹിമാചൽ പ്രദേശ്), രാഹുൽ (എഞ്ചിനീയർ - ഹിമാചൽ പ്രദേശ്), മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ - ബിഹാർ), രാകേഷ് ഗുച്ചത് (സർവേയർ - പശ്ചിമബംഗാൾ), അസ്ഹറുദ്ദീൻ അൻസാരി (സർവേയർ - ഉത്തർപ്രദേശ്) എന്നിവരെയാണ് കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.