എറണാകുളം: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. നടപടി വിഡ്ഢിത്തമാണെന്ന് കോടതി പറഞ്ഞു. ആദ്യ ഉത്തരവ് തയ്യാറാക്കിയത് പ്രതിയാണോ എന്ന് ചോദിച്ച കോടതി, പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടികളും ആരംഭിച്ചു. വെള്ളിയാഴ്ച സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
പ്രോസിക്യൂഷൻ അനുമതി നൽകുന്ന ആദ്യ ഉത്തരവിൽ പിഴവ് വന്നതായും പിന്നീട് ഉത്തരവ് തിരുത്തിയതായും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ നടപടിയെ കോടതി അതിരൂക്ഷമായി വിമർശിച്ചു. ഉത്തരവിറക്കുമ്പോൾ ഒരു ചട്ടവും പാലിച്ചില്ല. ഇത് പ്രതിയെ സഹായിക്കാനുള്ള ഉത്തരവാണെന്നും വകുപ്പ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ ഇദ്ദേഹം യോഗ്യനല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതി തന്നെ തയ്യാറാക്കി പ്രിൻസിപ്പൽ സെക്രട്ടറിയെക്കൊണ്ട് ഒപ്പുവെപ്പിക്കുകയാണോ ചെയ്തതെന്ന് കോടതി ചോദിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നടപടി കോടതിയെ അവഹേളിക്കലാണ്.
ചട്ടപ്രകാരം ഉത്തരവ് കോപ്പി പ്രതിക്ക് നൽകാൻ വകുപ്പുണ്ടോ എന്ന് കോടതി ആരാഞ്ഞു. പ്രതിക്ക് പ്രോസിക്യൂഷൻ അനുമതി ഉത്തരവ് നൽകൽ അനിവാര്യമല്ല എന്നായിരുന്നു ഇതിന് സർക്കാർ അഭിഭാഷകന്റെ മറുപടി. പിന്നെ പ്രതി എങ്ങിനെയാണ് ഉത്തരവിറങ്ങി രണ്ട് മണിക്കൂറിനകം വാർത്താസമ്മേളനം നടത്തിയതെന്ന് കോടതി ആരാഞ്ഞു. എങ്ങിനെയാണ് ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെയൊരു ഉത്തരവിറക്കുക? ഉത്തരവിറക്കുന്നതിന് മുമ്പ് തന്നെ പ്രതിക്ക് നൽകിയതായി സംശയിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. സർക്കാരിനെ അപകീർത്തിപ്പെടുത്തുകയല്ലേ ചെയ്തതെന്നും കോടതി ചോദിച്ചു. കോടതി സമ്മർദം മൂലമാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടി വന്നതെന്ന രീതിയിൽ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നായിരുന്നു കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജിന്റെ ആവശ്യം.
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് നിലവിൽ പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കുന്നത്.
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകി പുറപ്പെടുവിച്ച പുതുക്കിയ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ആദ്യ ഉത്തരവ് വിവാദമായിരുന്നു. സി.ബി.ഐ നൽകിയ അപേക്ഷയിൽ പ്രോസിക്യൂഷൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി ജൂലൈ രണ്ടിന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചെങ്കിലും, ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഉത്തരവ് കോടതിയിൽ സമർപ്പിച്ചിരുന്നില്ല.
എന്നാൽ, പിറ്റേദിവസം ഈ ഉത്തരവ് കാട്ടി കേസിലെ പ്രതിയായ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന് വിഷയം വിവാദമായിരുന്നു. കേസിലെ ഹൈക്കോടതിയുടെ ഇടപെടലിനെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ കൂടി ഉൾപ്പെടുത്തി പ്രോസിക്യൂഷൻ അനുമതി നൽകിയ ഈ ഉത്തരവ് പിൻവലിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.