റഫീഖിനെ കൊല്ലിച്ചത് ഞാന്‍,  ഇനിയും കൊല നടത്തും –ബാലിഗെ വധക്കേസ് പ്രതി ജിയ

മഞ്ചേശ്വരം: കാലിയ റഫീഖിനെ കൊല്ലിച്ചത് താനാണെന്നും തന്നെയും തന്‍െറ സംഘത്തിലുള്ളവരെയും ഉപദ്രവിച്ചാല്‍ ഇനിയും കൊലനടത്തുമെന്നും ബാലിഗെ വധക്കേസ് പ്രതി ജിയ എന്ന സിയാദ്. റഫീഖ് വധക്കേസില്‍ ഉള്‍പ്പെട്ടവരെ വധിക്കുമെന്ന് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരെ വിളിച്ച് അധോലോകസംഘം ഭീഷണിമുഴക്കിയിരുന്നു.  ഇതിനെ തുടര്‍ന്നാണ് കൊലനടത്തിയതിനു പിന്നില്‍ തന്‍െറ കരങ്ങളാണെന്ന് മാധ്യമപ്രവര്‍ത്തകരെ ഇയാള്‍ അറിയിച്ചത്. ദുബൈയിലുള്ള ഇയാള്‍ ഫോണ്‍വഴിയാണ് മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെട്ടത്. കാലിയ കേസില്‍ സ്വയം കുറ്റം ഏറ്റെടുത്ത താന്‍ ഒരാഴ്ചക്കകം നാട്ടിലത്തെി പൊലീസില്‍ കീഴടങ്ങുമെന്നും ഇയാള്‍ പറഞ്ഞു. കാലിയ റഫീഖ് വധക്കേസില്‍ പൊലീസ് പിടിയിലായ നാലുപേരും കൊലക്ക് ജിയയാണ് നിര്‍ദേശം നല്‍കിയതെന്ന് മൊഴിനല്‍കിയിട്ടുണ്ട്.

2012ല്‍ തനിക്കുനേരെ വധശ്രമം നടന്നിരുന്നു. ഇതിനുപിന്നില്‍ ബാലിഗെ അസീസ് ആയിരുന്നതിനാലാണ് അന്ന് അയാളെ കൊലപ്പെടുത്താന്‍ കാരണം. ഇതിന് പകരംചോദിക്കാന്‍ അസീസിന്‍െറ സഹോദരന്‍ മജീദ് കാലിയ റഫീഖിന് ക്വട്ടേഷന്‍ നല്‍കിയിരുന്നു. 2015ല്‍ ഉപ്പളയിലെ ഫ്ളാറ്റില്‍ തന്‍െറ ആത്മാര്‍ഥസുഹൃത്ത് റയിസിനെ കൊല്ലാന്‍ റഫീഖ് ശ്രമിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് റയിസ് രക്ഷപ്പെട്ടത് -ജിയ തുടര്‍ന്നു. ഇതിനുശേഷവും തന്നെയും കൂടെയുള്ളവരെയും വധിക്കുമെന്ന് കാലിയ റഫീഖ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനാലാണ് കാലിയയെ വധിക്കാന്‍ തങ്ങള്‍ പദ്ധതി തയാറാക്കിയതും കൊലനടത്തിയതെന്നും സിയാദ് പറഞ്ഞു. കാലിയയെ വധിച്ചവരെ കൊല്ലുമെന്ന അധോലോകഭീഷണിയെ ഗൗനിക്കുന്നില്ളെന്നും ജിയ പറഞ്ഞു. ബാലിഗെ അസീസ് വധക്കേസ്, ആസിഫ് വധക്കേസ് എന്നിവ ഉള്‍പ്പെടെ ആറോളം കേസില്‍ പ്രതിയായ പൈവളിഗെ സ്വദേശിയാണ് ജിയ എന്ന സിയാദ്.

കാലിയ റഫീഖ് വധം: നാലുപേര്‍  പിടിയില്‍
മഞ്ചേശ്വരം: ചൊവ്വാഴ്ച രാത്രി മംഗളൂരു കോട്ടേക്കാര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപം വാഹനം ഇടിച്ചശേഷം വെടിവെക്കുകയും വെട്ടിക്കൊല്ലുകയും ചെയ്ത ഉപ്പള മണിമുണ്ടേ സ്വദേശി കാലിയ റഫീഖിന്‍െറ കൊലയാളികളില്‍ നാലുപേരെ ഉള്ളാള്‍ പൊലീസ് പിടികൂടി. 
മൂന്നുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട മുത്തലിബിന്‍െറ സഹോദരനും ഉപ്പള പത്വാടി റോഡ് സ്വദേശിയുമായ നൂര്‍ അലി (36), ഉപ്പള ടൗണില്‍ ഖദീജ ബീവി ദര്‍ഗക്ക് സമീപം അബ്ദുല്‍റൗഫ് (38), പൈവളിഗെ ബായിക്കട്ടയിലെ പദ്മനാഭന്‍ (38), കര്‍ണാടക സാലത്തൂര്‍ സ്വദേശി മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് പിടികൂടിയത്. മൂന്നുവര്‍ഷം മുമ്പ് കൊലചെയ്യപ്പെട്ട മുത്തലിബിന്‍െറ സഹോദരനാണ് കേസിലെ ഒന്നാം പ്രതിയായ നൂര്‍ അലി.

 നാലു മാസം മുമ്പ് ഉപ്പള മണിമുണ്ടേ കടപ്പുറത്ത് കാലിയ റഫീഖിന്‍െറ കൂട്ടാളികള്‍ മീശവടിച്ച് മണലില്‍ കഴുത്തുവരെ കുഴിച്ചുമൂടി കൊല്ലാന്‍ശ്രമിച്ച ആളായിരുന്നു അബ്ദുല്‍റൗഫ് എന്ന മീശ റൗഫ്. ഒരുവര്‍ഷം മുമ്പ് കര്‍ണാടക കന്യാനയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പൈവളിഗെ ബായിക്കട്ടയിലെ മുഹമ്മദ് ആസിഫിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടാം പ്രതിയാണ് പദ്മനാഭന്‍. പൊലീസ് പിടിയിലായ നാലുപേരെയും ഉപ്പളയില്‍ കൊണ്ടുവന്ന് കര്‍ണാടക പൊലീസ് രഹസ്യ തെളിവെടുപ്പ് നടത്തി. ഉപ്പള പത്വാടി റോഡിലെ നൂര്‍ അലിയുടെ വീട്ടുപറമ്പില്‍നിന്ന് കാലിയ റഫീഖിനെ കൊല്ലാന്‍ ഉപയോഗിച്ച തോക്കും വാളുകളും പൊലീസ് കണ്ടെടുത്തു.  കേരള പൊലീസിന്‍െറ സഹകരണത്തോടെയാണ് കര്‍ണാടക പൊലീസ് രഹസ്യ തെളിവെടുപ്പ് നടത്തിയത്. പൊലീസ് പിടിയിലായ നാലുപേരുടെയും അറസ്റ്റ് ഇന്നുണ്ടാകുമെന്ന് കര്‍ണാടക പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 
കേസില്‍ പ്രതികളായ മറ്റു മൂന്നുപേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടനെ പിടികൂടാന്‍ സാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, കാലിയ റഫീഖിനൊപ്പം കാറിലുണ്ടായിരുന്ന മുജീബ് എന്നയാളെ കണ്ടത്തൊന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാലിയ റഫീഖിന്‍െറ നീക്കങ്ങള്‍ കൃത്യമായി കൊലയാളിസംഘത്തിന് എത്തിച്ചുകൊടുത്തത് ഇയാളാണെന്നാണ് കരുതുന്നത്. 







 

Tags:    
News Summary - kaliya rafeeq murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.