കണ്ണൂർ: കോൺഗ്രസിന്റെ വടകരയിലെ വിജയം സി.പി.എമ്മിനെ ഭയപ്പെടുത്തിയതായും ഷാഫി പറമ്പിലിനെ അവർ ടാർഗറ്റുചെയ്യുന്നതായും കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. ‘ഷാഫിയുടെ വടകരയിലെ സ്ഥാനാർഥിത്വം അവരെ ഭയപ്പെടുത്തി. അന്ന് കാഫിർ സ്ക്രീൻഷോട്ട് നമ്മൾ കണ്ടതല്ലേ? പേരാമ്പ്രയിൽ പൊലീസ് ഷാഫിയെ ആക്രമിച്ചു, എന്നിട്ട് ഷാഫിയുടെ പേരിൽ കള്ളക്കേസ് എടുത്തു. പാലക്കാട്ടെ വിജയത്തിന്റെ ഉത്തരവാദി ഷാഫി ആണെന്ന് എല്ലാവർക്കും അറിയാം. തിളങ്ങി നിൽക്കുന്ന യുവജന നേതാവിനെ, പ്രതീക്ഷ നൽകുന്ന യുവജന നേതാവിനെ ഏതെങ്കിലും തരത്തിൽ ക്ഷീണിപ്പിക്കാൻ അവർ പരിശ്രമിക്കും. പക്ഷേ, കോൺഗ്രസിന്റെയും ജനങ്ങളുടെയും കൂടുതൽ പിന്തുണ ലഭിച്ചുകൊണ്ടാണ് ഷാഫി മുന്നേറുന്നത്’ -മിഡിയവണിന് നൽകിയ അഭിമുഖത്തിൽ സണ്ണി ജോസഫ് പറഞ്ഞു.
മാത്യൂ കുഴൽനാടൻ പറയുന്നത് പോലെ കോൺഗ്രസിൽ സെലിബ്രിറ്റി ലീഡേഴ്സ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കുഴൽനാടൻ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ ഉള്ളവരാണെന്നും ഇവർ പാർട്ടിക്ക് മുതൽകൂട്ടാവുമെന്നും സണ്ണിജോസഫ് പ്രതികരിച്ചു. ‘നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ട്രാറ്റജി ഇപ്പോൾ ആലോചിച്ചിട്ടില്ല. ഇപ്പോൾ പഞ്ചായത്ത് ഇലക്ഷൻ ആണല്ലോ. ഇതിലെ സ്ട്രാറ്റജി കഴിയുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് അതിന്റെതായ സ്ട്രാറ്റജി രൂപീകരിച്ചുകൊണ്ട് നല്ല സ്ഥാനാർത്ഥികളെ നിശ്ചയിക്കും’ -അദ്ദേഹം വ്യക്തമാക്കി.
‘ഭരണത്തിന്റെ സൗകര്യങ്ങൾ സി.പി.എം ഒരുപാട് ദുരുപയോഗം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പുകളിൽ അവർ പറഞ്ഞ വാഗ്ദാനങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ല. ക്ഷേമ പെൻഷൻ വർധനയും റബർ കർഷകരുടെ സബ്സിഡിയും ഒക്കെ അഞ്ചു കൊല്ലം മുമ്പ് പറഞ്ഞതാണ്. അസംബ്ലി ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും പാർലമെന്റ് ഇലക്ഷനിലും പാർലമെന്റ് ബൈ ഇലക്ഷനിലും ഉണ്ടായ തിരിച്ചടിക്ക് എങ്ങനെ പരിഹാരം എന്ന് ആലോചിച്ചിട്ടാണ് ക്ഷേമ പെൻഷൻ വർധന അടക്കമുള്ള ഗിമിക്കുകൾ നടത്താൻ ശ്രമിക്കുന്നത്. പക്ഷേ വോട്ടർമാർക്ക് ഈ കാര്യങ്ങൾ തിരിച്ചറിയാനുള്ള നല്ല വിവരവും വിവേചന ശക്തിയും ഉണ്ട്. കേരളത്തിൻറെ ഭാവിയെയും സുരക്ഷിതത്വത്തെയും ലക്ഷ്യമാക്കി തന്നെയാണ് ആളുകൾ വോട്ട് ചെയ്യുക ആ കാര്യത്തിൽ സംശയമില്ല’ -സണ്ണി ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.