അബ്ദുൽ ഗഫൂറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നത് തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ
കാളികാവ്: അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ ടാപ്പിങ്ങിനിടെ കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂറിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടി കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധമിരമ്പി. പാറശ്ശേരി റാവുത്തൻകാട് ഭാഗത്ത് പല തവണ കടുവയുടെ സാന്നിധ്യം വ്യക്തമായിട്ടും പിടികൂടാൻ കൂട് സ്ഥാപിക്കാത്ത വനംവകുപ്പ് നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. ഗഫൂറിന്റെ മൃതദേഹം തോട്ടത്തിൽനിന്ന് നീക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തി.
സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ, നിലമ്പൂർ ഡിവൈ.എസ്.പി ബിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും പൊലീസും മൃതദേഹം മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ നടപടിയെടുക്കുമെന്ന ഡി.എഫ്.ഒയുടെ വാഗ്ദാനവും നാട്ടുകാർ തള്ളി.
മൂന്ന് കാര്യങ്ങളാണ് നാട്ടുകാർ വനംവകുപ്പ് അധികൃതർ മുമ്പാകെ ഉന്നയിച്ചത്. കടുവയെ പിടികൂടി കൊല്ലുക, ഗഫൂറിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുക, പ്രദേശത്ത് കടുവ ആക്രമണം തടയാൻ കർശന നടപടി സ്വീകരിക്കുക. ഇവയിൽ വ്യക്തമായ ഉറപ്പ് ലഭിച്ചാലേ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകാൻ സമ്മതിക്കൂവെന്ന് അവർ പറഞ്ഞു.
മലയിൽ നിന്ന് താഴെയിറക്കിയ മൃതദേഹം ആംബുലൻസിൽ കയറ്റിയെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. രേഖാമൂലം ഉറപ്പ് നൽകണമെന്നായിരുന്നു ആവശ്യം.ഒടുവിൽ എ.പി. അനിൽകുമാർ എം.എൽ.എയുടെ സാന്നിധ്യത്തിൽ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ എഴുതി തയാറാക്കിയ ഉറപ്പിൻമേലാണ് മൃതദേഹം നീക്കാൻ അനുവദിച്ചത്.
കൊല്ലപ്പെട്ട അബ്ദുൽ ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ വനം വകുപ്പ് ധനസഹായം അനുവദിക്കുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. അഞ്ച് ലക്ഷം രൂപ വെള്ളിയാഴ്ച തന്നെ കൈമാറും. ബാക്കി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെയും കൈമാറും.
കൂടാതെ ഡിസാസ്റ്റർ മാനേജ്മെന്റ് സഹായമായി നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകും. ഗഫൂറിന്റെ ഭാര്യക്ക് താൽക്കാലികമായി സർക്കാർ സർവിസിൽ ജോലി നൽകും. പിന്നീട് സ്ഥിരപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും ഡി.എഫ്.ഒ നാട്ടുകാരെ അറിയിച്ചു.
മലപ്പുറം: മനുഷ്യ-വന്യജീവി സംഘർഷമില്ലാതാക്കാൻ സർക്കാർ ആവിഷ്കരിക്കുന്ന ബഹുമുഖ പദ്ധതികൾ താഴേത്തട്ടിൽ ഫലപ്രദമായി നടപ്പാകുന്നില്ലെന്നാണ് ആവർത്തിക്കുന്ന വന്യജീവി ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്. കടുവ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിലും നാട്ടുകാർ കുറ്റപ്പെടുത്തുന്നത് വനംവകുപ്പിനെയാണ്.
മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടെന്നും നടപടി വേണമെന്നും പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും വനപാലകർ ചെവികൊടുത്തിരുന്നില്ല. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒക്കെതിരെ വൻ ജനരോഷമാണ് അടക്കാക്കുണ്ടിലുണ്ടായത്.
വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ, ജനപ്രതിനിധികൾ ഉൾെപ്പട്ട ജനജാഗ്രത സമിതികൾ സജീവമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ ഉത്തരവിറക്കുകയും ജനജാഗ്രത സമിതികൾ പുനഃസംഘടിപ്പിക്കാൻ വനംവകുപ്പിന്റെ ഫീൽഡ് സ്റ്റാഫിന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, നടപടി സ്വീകരിക്കുന്നതിലും വനംവകുപ്പ് പരാജയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.