മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നത് പ്രാകൃത ആചാരം; നടപടിയെടുക്കും -കടകംപള്ളി

തിരുവനന്തപുരം: മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദരൻ. തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടത്താനുള്ള  ഈ നീക്കം ഒരു കാരണവശാലും അനുവദിക്കില്ല. പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണെന്നും കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു. 

സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലുള്ളത്. നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രാകൃതമായ അനാചാരങ്ങള്‍ മടക്കി കൊണ്ടുവരാനുളള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങള്‍ക്കും പ്രാകൃത അനുഷ്ഠാനങ്ങള്‍ക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി. 

Full View
Tags:    
News Summary - Kali Blood Bath at Thiruvananthapuram-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.