കളമശ്ശേരി സ്ഫോടനം: പരുക്കേറ്റവർക്ക് പരമാവധി ചികിത്സ ഉറപ്പാക്കുമെന്ന് പി. രാജീവ്‌

കൊച്ചി: കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് പരമാവധി ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി പി.രാജീവ്. കളമശ്ശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ എത്തി മറ്റു മന്ത്രിമാർക്കൊപ്പം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൃത്യമായ ഏകോപനമാണ് വിഷയത്തിൽ നടന്നുവരുന്നത്. മന്ത്രിമാരായ കെ. രാജൻ, വീണാ ജോർജ്, വി.എൻ വാസവൻ, ആന്റണി രാജു, പി.പ്രസാദ്, പി.എ മുഹമ്മദ് റിയാസ് , ആർ ബിന്ദു, കെ.കൃഷ്ണൻകുട്ടി , വി.അബ്ദുറഹ്മാൻ എന്നിവർ നേരിട്ട് എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവെന്നും മന്ത്രി രാജീവ് പറഞ്ഞു.സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം കൃത്യതയോടെ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്ഫോടനത്തിൽ പരുക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. ഇതിൽ മൂന്നുപേർ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേർ ആസ്റ്റർ മെഡിസിറ്റിയിലും ഒരാൾ രാജഗിരി ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. പരമാവധി പേരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. എറണാകുളം മെഡിക്കൽ കോളജിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് സർവ കക്ഷി യോഗം ചേരും. രാഷ്ട്രീയ സാമൂഹ്യ വേർതിരിവുകൾക്കെല്ലാം അതീതമായി ഇത്തരം പ്രശ്നങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുന്ന സമീപനമാണ് കേരളത്തിനുള്ളത്. അതുതന്നെയാണ് ഇപ്പോൾ കാണുന്നതും. തെറ്റായ പ്രചാരണങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

12 വയസുള്ള കുട്ടിക്ക് 95 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ആറു പേരാണ് നിലവിൽ ഗുരുതരാവസ്ഥയിലുള്ളത്. എറണാകുളത്തും പരിസരത്തുമുള്ളവരാണ് ഇവർ. എല്ലാവർക്കും പരുക്കേറ്റിരിക്കുന്നത് പൊള്ളലിൽ ആണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, വി. അബ്ദുറഹ്മാൻ, വീണ ജോർജ്, കെ. രാജൻ, പി. പ്രസാദ്, വി.എൻ വാസവൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ്ഹനീഷ്, കലക്ടർ എൻ.എസ്.കെ ഉമേഷ്‌, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. സ്ഫോടനം ഉണ്ടായ കളമശ്ശേരിയിലെ കൺവെൻഷൻ സെൻററിലും മന്ത്രി പി. രാജീവ് സന്ദർശിച്ചു. ഡൽഹിയിൽ ആയിരുന്ന മന്ത്രി വൈകീട്ട് നാലോടെയാണ് കളമശ്ശേരിയിൽ എത്തിയത്.

Tags:    
News Summary - Kalamassery blast: P Rajiv will ensure maximum treatment for the injured.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.