ആലുവ: കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതിനെത്തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്‌ച സംഭവിച്ചതായി റിപ്പോർട്ട്. റൂറൽ അഡീഷനൽ എസ്.പിയുടെ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. റിപ്പോർട്ട് ജില്ല പൊലീസ് മേധാവി വഴി ഡി.ഐ.ജിക്ക് കൈമാറി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിക്കും ശിപാർശ ചെയ്തിട്ടുണ്ട്.
സംഘർഷം തടയുന്നതിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കും കൂത്താട്ടുകുളം എസ്.എച്ച്.ഒക്കും വീഴ്ച സംഭവിച്ചു. അന്വേഷണച്ചുമതലയുണ്ടായിരുന്ന മൂവാറ്റുപുഴ ഡിവൈ.എസ്.പി വീഴ്ച വരുത്തിയെന്ന് ആരോപണം നേരത്തേയുണ്ടായിരുന്നു. ഇതേതുടർന്ന് ഡിവൈ.എസ്.പി പി.എം. ബൈജുവിനെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി പകരം ആലുവ ഡിവൈ.എസ്.പിക്ക് ചുമതല നൽകിയിരുന്നു.
നഗരസഭയിൽ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെയാണ് തട്ടിക്കൊണ്ടുപോകലുണ്ടായത്. യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്തെ തുടർന്ന് എൽ.ഡി.എഫ് കൗൺസിലർ കലാ രാജുവിനെ സി.പി.എം പ്രവർത്തകർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം സി.പി.എം ഓഫിസിൽനിന്നാണ് അവർ പുറത്തുവന്നത്. തട്ടിക്കൊണ്ടുപോകാൻ സി.പി.എമ്മിനെ പൊലീസ് സഹായിച്ചുവെന്ന് പ്രതിപക്ഷം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. കലാ രാജുവിനെ കാണാനില്ലെന്ന് മകൾ പൊലീസ് സ്‌റ്റേഷനിൽ പരാതിപ്പെടുകയും യു.ഡി.എഫ് പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.
വസ്ത്രം വലിച്ചുകീറിയെന്നും അപമാനിച്ചുവെന്നും കല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. നാല് കേസാണ് സംഘർഷങ്ങളുടെ തുടർച്ചയായി രജിസ്റ്റർ ചെയ്തത്. കലാരാജുവിന്‍റെ മക്കൾ നൽകിയ പരാതി അന്വേഷിക്കാൻ കാലതാമസം വന്നെന്നും റിപ്പോർട്ടിലുണ്ട്. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ കല ഉണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.