‘കക്കുകളി’ നാടകം ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുന്നത്; രാഷ്ട്രീയ പാര്‍ട്ടികൾ നയം വ്യക്തമാക്കണം -ക്ലീമിസ് കാതോലിക്കാബാവ

‘കക്കുകളി’ നാടകത്തിന് പ്രദര്‍ശനാനുമതി നൽകരുതെന്ന് കെ.സി.ബി.സി. വിഷയത്തിൽ സർക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നയം വ്യക്തമാക്കണമെന്നും ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് കക്കുകളി നാടകമെന്നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി സഭ ഇത്തരം നടപടികളെ കാണുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഈ കാര്യത്തില്‍ അറിയാന്‍ സഭയ്ക്ക് താല്‍പര്യമുണ്ടെന്നും ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് എറ്റവും സുന്ദരമായ ഭാവമാണ് സന്ന്യാസം. ലോകം മുഴുവന്‍ ക്രിസ്തീയ സന്ന്യാസ സമൂഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരില്‍ കണ്ടും പ്രസ്താവനകളിലൂടെയും സഭയെയും ക്രൈസ്തവ സമൂഹത്തെയും പിന്തുണ അറിയിക്കുന്നവര്‍ ഈ വിഷയത്തില്‍ നടത്തുന്ന ഒളിച്ചുകളി അങ്ങേയറ്റം അപലപനീയമാണെന്നും എല്ലാ ജില്ലാ കളക്ടർമാർക്കും അതാത് ജില്ലകളിൽ ഈ നാടകത്തിൻ്റെ പ്രദർശനം നിരോധിക്കണമെന്ന് നിവേദനം നേരത്തേ തന്നെ നൽകിയിട്ടുള്ളത് തമസ്ക്കരിച്ചു കൊണ്ടാണ് പ്രദർശനാനുമതി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ പോഷക സംഘടനകളെ മുന്നില്‍ നിര്‍ത്തി ക്രിസ്തീയ വിശ്വാസത്തെ തകര്‍ത്തുകളയാമെന്നുള്ള വ്യാമോഹം നടക്കില്ല. ഇതര സമുദായങ്ങളെപ്പോലെ തുല്യനീതി ക്രൈസ്തവര്‍ക്കും അര്‍ഹതയുള്ളയാണെന്ന് മാര്‍ ക്ലീമീസ് ബാവ പറഞ്ഞു.

സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അർഥം ഇനിയും മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വെറുപ്പിന്‍റെ വക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു. നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഈ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്.

Tags:    
News Summary - ‘kakkukali’ play defames Christian asceticism; Political parties must articulate policy - Mor Baselios Cardinal Cleemis Catholicos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.