പ്രതീകാത്മക ചിത്രം
പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസത്തിനിടെ വാഹനാപകടങ്ങളിൽ വർധന. 18,598 അപകടങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്തെ റോഡുകളിൽ സംഭവിച്ചത്.സംസ്ഥാന പൊലീസ് വകുപ്പിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 1384 പേർക്കാണ് ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ വിവിധ അപകടങ്ങളിലായി ജീവൻ നഷ്ടപ്പെട്ടത്. 21,255 പേർക്ക് ചെറുതും വലുതുമായ പരിക്കുകളുമേറ്റു. ഇരുചക്രവാഹനങ്ങളാണ് അപകടങ്ങളിൽ പെടുന്നതിൽ കൂടുതലും. കാർ, ഓട്ടോറിക്ഷ, ബസ്, ലോറി അപകടങ്ങളും ധാരാളം സംഭവിച്ചിട്ടുണ്ട്.
ദേശീയപാത, സംസ്ഥാന പാത, പഞ്ചായത്ത് പാത എന്നിങ്ങനെ വേർതിരിവില്ലാതെ എല്ലായിടത്തും അപകടങ്ങൾ നിത്യസംഭവമാകുന്നതായാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.റോഡ് സുരക്ഷ ബോധവത്കരണങ്ങളും കർശന പരിശോധനയും മറ്റും മുറതെറ്റാതെ നടക്കുമ്പോഴും അപകടങ്ങൾക്ക് കുറവുണ്ടാകുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പാലക്കാട് ജില്ലയിൽ 1135 അപകടങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായത്. 111 പേർക്ക് ജീവൻ നഷ്ടമായി. 1310 പേർക്ക് പരിക്കേറ്റു.
വയനാട് ജില്ലയിൽ 353 അപകടങ്ങളാണ് സംഭവിച്ചത്. 28 പേർ മരിച്ചു. 420 പേർക്ക് പരിക്കേറ്റു. കൊല്ലം റൂറലിൽ 565 അപകടങ്ങളുണ്ടാവുകയും 49 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 628 പേർക്കാണ് പരിക്കേറ്റത്.ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടും അമിത വേഗതയും അശ്രദ്ധയും മദ്യപിച്ച് വാഹനമോടിക്കുന്നതുമെല്ലാം അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
കഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ 49,889 വാഹനാപകടങ്ങളാണ് ഉണ്ടായത്. 3733 പേർക്ക് നിരത്തിൽ ജീവൻ പൊലിഞ്ഞു. 56,922 പേർക്ക് പരിക്കേറ്റു.റോഡുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയമാണ് മഴക്കാലം. മഴ റോഡിനെയും വാഹനത്തെയും ഡ്രൈവറുടെ കാഴ്ചയെയും ബാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.