തിരുവമ്പാടി: ഉരുൾപൊട്ടലുണ്ടായ കക്കാടംപൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ വിവാദ വാട്ടർ തീം പാർക്കിൽ ജലസംഭരണികൾ തുറന്നുവിട്ടു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശത്തെ തുടർന്ന് നാല് കൂറ്റൻ ജലസംഭരണികളിെല രണ്ടുലക്ഷം ലിറ്റർ വെള്ളമാണ് തുറന്നുവിട്ടത്. കഴിഞ്ഞ ദിവസം പാർക്കിെൻറ 30 മീറ്റർ താഴെയാണ് ഉരുൾപൊട്ടിയത്. ജൂൺ 16ന് ജില്ല കലക്ടർ സ്റ്റോപ് മെമ്മോ നൽകിയതിനാൽ പാർക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. ഉരുൾപൊട്ടൽ അറിഞ്ഞയുടൻ പഞ്ചായത്ത് സെക്രട്ടറിയും സ്റ്റോപ് മെമ്മോ നൽകി.
ദുരന്ത സാധ്യതയുടെ പശ്ചാത്തലത്തിൽ മൈനിങ് ആൻഡ് ജിയോളജി അധികൃതർ ഞായറാഴ്ച സംഭവസ്ഥലം പരിശോധിച്ചിരുന്നു. പാർക്കിെൻറ സ്ഥിതി സംബന്ധിച്ച് വിശദ റിപ്പോർട്ട് െഡപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം)ക്കും തഹസിൽദാർക്കും ഉടൻ കൈമാറുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ ‘മാധ്യമ’ ത്തോട് പറഞ്ഞു. വാട്ടർ തീം പാർക്കിന് അനുമതി നൽകിയത് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് പറഞ്ഞു.
ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ, പാർക്ക് ദുരന്ത സാധ്യത മേഖലയിലല്ലെന്നും നിയമലംഘനങ്ങളില്ലെന്നും ജില്ല കലക്ടർ കൺവീനറായ ഉന്നതതല സമിതിയുടെ റിപ്പോർട്ട് വിവാദമായിരിക്കുകയാണ്. പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണ് നിർമിച്ചതെന്നായിരുന്നു നേരത്തേയുയർന്ന ആക്ഷേപം. ഇതേതുടർന്ന് റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷണം നടത്തിയ കലക്ടർ കൺവീനറായ സമിതി റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് പാർക്കിന് ക്ലീൻ ചിറ്റ് നൽകിയത്. നിയമാനുസൃതമായാണ് നിർമാണമെന്നായിരുന്നു സമിതിയുടെ പ്രധാന കണ്ടെത്തൽ. ഭൂമിയുടെ സ്വാഭാവികത മാറ്റാതെയാണ് നിർമാണമെന്നും പ്രകൃതിയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.