കേരളത്തിലെ ബി.ജെ.പിയുടെ വളർച്ച തടയാൻ ഗൂഢാലോചന- കെ.സുരേന്ദ്രൻ

കോഴിക്കോട്: പ്രളയക്കെടുതി മുതലെടുത്ത് ബി.ജെ.പിയുടെ കേരളത്തിലെ വളർച്ച തടയാൻ ഗൂഢാലോചന നടക്കുന്നതായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ബി.ജെ.പിയെ കേരളത്തിൽ ഒരു തരത്തിലും വളരാൻ അനുവദിച്ചുകൂടാ എന്ന ഗൂഢാലോചനയാണിതെന്നും പിന്നിൽ സി. പി. എം ബുദ്ധികേന്ദ്രങ്ങളാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രൻറെ വിമർശം.

കെ.സുരേന്ദ്രൻെറ ഫേസ്ബുക്ക് പോസ്റ്റ്

ചില കാര്യങ്ങൾ തുറന്നു പറയാതിരിക്കാൻ നിർവാഹമില്ല. ഒരു പക്ഷേ പറയുന്നതിന്റെ ഔചിത്യം ശരിയാണോ എന്ന് ചിലർക്കെങ്കിലും തോന്നുമായിരിക്കും. അത് കാര്യമാക്കുന്നില്ല. ഇവിടെ ഇപ്പോൾ നടക്കുന്നത് വലിയൊരു ഗൂഡാലോചനയാണ്. ആ ഗൂഡാലോചന ബി.ജെ.പിയെ കേരളത്തിൽ ഒരു തരത്തിലും വളരാൻ അനുവദിച്ചുകൂടാ എന്ന ഒറ്റ ഇന അജണ്ടയെ മുന്നിൽ നിർത്തിയുള്ളതാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് സി. പി. എം ബുദ്ധികേന്ദ്രങ്ങളാണ്. 

മുസ്ലിം സമുദായത്തിലെ തീവ്ര ചിന്താഗതിക്കാരെ ഉപയോഗപ്പെടുത്തി ബി.ജെ.പിക്കെതിരെ ഒരു വലിയ സാമുദായിക ഏകീകരണമാണ് അവരുടെ ലക്ഷ്യം. ഈ പ്രളയദുരിതത്തെ പോലും അതിനായി ഉപയോഗിച്ചു എന്നതാണ് ഏറ്റവും ജുഗുപ്ത്സാവഹം. നേരത്തെ എസ്.എൻ.ഡി.പി നേതൃത്വവും ശിവഗിരി മഠവും ബി.ജെ.പിയോടടുത്തപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്. സമാനമായ പ്രചാരണ ശൈലിയാണ് ഇപ്പോൾ നടക്കുന്നത്.

കുട്ടനാട്ടിൽ പ്രളയം ഉണ്ടായ ഉടനെത്തന്നെ ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു കേരളത്തിൽ വരികയും സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തിര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. വളരെ പെട്ടെന്നുതന്നെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥസംഘം കേരളത്തിലെത്തി വിശദമായ പരിശോധന നടത്തുകയും നാശനഷ്ടങ്ങളെ സംബന്ധിച്ച കണക്കുകൾ കേന്ദ്രത്തെ ധരിപ്പിക്കുകയും ചെയ്തു. സാധാരണ നിലയിൽ മാസങ്ങൾ കഴിഞ്ഞാണ് കേന്ദ്രസംഘം വരാറുള്ളത്. 

വെള്ളപ്പൊക്കവും ദുരിതവും വീണ്ടും വന്നതിനിടയിലാണ് കേരളത്തിലെ ഏതാനും എം. പിമാർ ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിനെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. ഉടനെത്തന്നെ അദ്ദേഹം കേരളത്തിൽ വരികയും ദുരന്തബാധിതമേഖലകൾ മുഖ്യമന്ത്രിയോടൊപ്പം സന്ദർശിക്കുകയും അടിയന്തിര ധനസഹായമായി 100 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഡൽഹിയിൽ ചെന്ന ഉടനെ പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാമെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. അതിനിടയിൽ സംസ്ഥാനസർക്കാരിന്റെ പിടിപ്പുകേടുമൂലം ഇവിടെ കാര്യങ്ങൾ വഷളായി. ഉടനെത്തന്നെ പ്രധാനമന്ത്രി കാര്യങ്ങൾ നിരന്തരം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു വിലയിരുത്തി. അതിനിടയിലാണ് അടൽജിയുടെ ദേഹാന്ത്യം ഉണ്ടാവുന്നത്. 

ശവസംസ്കാര ചടങ്ങുകൾ പൂർത്തിയായ ഉടനെ പ്രധാനമന്ത്രി കേരളത്തിലേക്ക് പറന്നു. ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിച്ചു മടങ്ങിയ പ്രധാനമന്ത്രി അടിയന്തിര ദുരന്തനിവാരണത്തിനായി 500 കോടി രൂപ പ്രഖ്യാപിച്ചു. ഡൽഹിയിലെത്തിയ ഉടനെ പ്രതിരോധം ഉൾപ്പെടെയുള്ള വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു വാർ റൂം തന്നെ തുറന്നു. തൽഫലമായി അടിയന്തിര സഹായങ്ങളെല്ലാം ഞൊടിയിടയിൽ ഇങ്ങോട്ടെത്തി. ഹെലികോപ്‌ടറുകൾ, ബോട്ടുകൾ, സേനാംഗങ്ങൾ, മരുന്നുകൾ, അരി, ധാന്യങ്ങൾ , പയറുവർഗങ്ങൾ,കുടിവെള്ളം,തുണിത്തരങ്ങൾ, വസ്ത്രങ്ങൾ എല്ലാം ദ്രുതഗതിയിൽ കേരളത്തിലെത്തി. 

ഇപ്പോൾ പ്രഖ്യാപിച്ച സഹായം ദുരന്തനിവാരണത്തിനുള്ളതാണെന്നും വീട്, വൈദ്യുതി, റോഡുകൾ എന്നിവയുടെ പുനർനിർമ്മാണം, കാർഷിക നഷ്ടപരിഹാരം, ഇൻഷൂറൻസ് തുടങ്ങി എല്ലാം കേന്ദ്രം ചെയ്തുകൊള്ളാമെന്നും മറ്റു പുനരധിവാസ കാര്യങ്ങൾ യഥാസമയം ആവശ്യങ്ങൾ തിട്ടപ്പെടുത്തിക്കഴിയുമ്പോൾ കേരളത്തിനു ലഭിക്കുമെന്നും കേന്ദ്രസർക്കാർ കേരളത്തോടൊപ്പമുണ്ടെന്നും പിണറായി വിജയന്റെ തോളിൽ തട്ടി പറഞ്ഞുകൊണ്ടാണ് മോദി മടങ്ങിയത്. അനുവദിച്ച പണം നാലു ദിവസത്തിനുള്ളിൽ കേരളത്തിനു ലഭിക്കുകയും ചെയ്തു. സാധാരണ നിലയിൽ ഭരണനിർവ്വഹണത്തിലെ സാങ്കേതിക തടസ്സങ്ങൾ കാരണം അനുവദിക്കുന്ന പണം മാസങ്ങൾ കഴിഞ്ഞാണ് ലഭിക്കാറുള്ളത്. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തികഞ്ഞ ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അത് ജനങ്ങൾക്ക് മനസ്സിലായിട്ടുമുണ്ട്. 

ദുരന്തനിവാരണത്തിനുള്ള അടിയന്തിരസഹായവും നഷ്ടപരിഹാരത്തുകയും രണ്ടും രണ്ടാണെന്ന് അറിയാത്തതുകൊണ്ടല്ല പൊടുന്നനെ ഒരു പ്രചാരണം കേരളത്തിൽ പൊട്ടിപ്പുറപ്പെട്ടു. അതിന് തുടക്കം കുറിച്ചത് ധനമന്ത്രി തോമസ് ഐസക്ക് ആണ്. മന്ത്രിസഭയിലെ രണ്ടാമനാവാൻ ആഗ്രഹിക്കുന്നയാളും പിണറായി വിജയന്റെ ആജന്മശത്രുവുമാണ ഐസക്. ജയരാജനെ മന്ത്രിയാക്കുന്നതും അനന്തരാവകാശിയായി വാഴിക്കുന്നതും ഇതിനിടയിലാണെന്ന് ചേർത്തു വായിക്കണം. പ്രത്യേകിച്ചും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടി പോകുന്ന സന്ദർഭത്തിൽ. വെറും അഞ്ഞൂറുകോടി മാത്രമേ കേരളത്തിന് കേന്ദ്രം തന്നുള്ളൂ എന്ന നിലയിലാണ് പ്രചാരണം അരങ്ങേറിയത്. 

സി.പി.എമ്മിനേയും എസ്.ഡി.പി.ഐയേയും അനുകൂലിക്കുന്ന ഒരു വിഭാഗം മാധ്യമപ്രവർത്തകരും എരിതീയിൽ എണ്ണയൊഴിച്ചു. പിന്നെ നിരന്തരം കുപ്രചാരണങ്ങളായി. ഉത്തരാഖണ്ഡിൽ മഹാദുരന്തമുണ്ടായപ്പോൾ സംസ്ഥാനം അടിയന്തിരസഹായമായി 5000 കോടി ആവശ്യപ്പെട്ടപ്പോൾ കൊടുത്തത് 170 കോടി രൂപ മാത്രമാണ്. പിന്നീട് പുനരധിവാസ സഹായം നൽകിയ കാര്യം വിസ്മരിക്കുന്നില്ല. സുനാമി ദുരന്ത കാലത്ത് കേരളത്തിനും ലഭിച്ച അടിയന്തിരസഹായം ഉമ്മൻചാണ്ടിക്ക് ഓർമ്മയുണ്ടാവുമല്ലോ. അതു ലഭിച്ചതാവട്ടെ എത്രയോ മാസങ്ങൾക്കു ശേഷവും. നല്ല നിലയിൽ കേന്ദ്ര ഇടപെടലുണ്ടായാൽ അത് കേരളത്തിൽ ബി. ജെ. പിയെക്കുറിച്ചുള്ള മനോഭാവത്തിൽ മാറ്റം വരുത്തുമെന്ന ഭയമാണ് ഈ പ്രചാരണങ്ങൾക്കെല്ലാം പിന്നിൽ. 

അതിനിടയിലാണ് യു.എ.ഇ സഹായപ്രശ്നം പൊങ്ങിവന്നത്. മോദി സർക്കാർ അറബ് രാജ്യങ്ങളുമായി നല്ല ബന്ധമാണ് പുലർത്തിപ്പോരുന്നത്. പ്രവാസികളക്കിടയിൽ വലിയ മനം മാറ്റമാണ് ഇതുമൂലമുണ്ടായിട്ടുള്ളത്. ദുരന്തം ഉണ്ടായ ഉടനെ യു. എ. ഇ ഭരണാധികാരി അനുശോചനം അറിയിക്കുകയും മോദി അതിന് തിരിച്ച് നന്ദി പറയുകയും ചെയ്തു. മാത്രമല്ല റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടനയും പ്രവാസി മലയാളികളായ ബിസിനസ്സുകാരും സാധാരണ തൊഴിലാളികളെയെല്ലാം ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സഹായത്തിനുവേണ്ടി രംഗത്തിറങ്ങാൻ തീരുമാനിക്കുകയും ചെയ്തു. അറബ് രാജ്യങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളിലെല്ലാം സർക്കാർ മോണിറ്ററിങ് ഉണ്ടാവുമെന്ന് എല്ലാവർക്കുമറിയാം. 

കേരളത്തിൽ ബക്കറ്റ് പിരിവു നടത്തുന്നതുപോലെ അവിടെ നടക്കില്ലെന്ന് കോടിയേരിക്കെങ്കിലും നന്നായറിയാവുന്നതുമാണ്. അതിനിടയിലാരോ 700 കോടിയുടെ ധനസഹായം യു.എ.ഇ പ്രഖ്യാപിച്ചു എന്ന് പിണറായിയെ ധരിപ്പിച്ചു. കേട്ടപാതി കേൾക്കാത്ത പാതി പ്രഖ്യാപനവും വന്നു. പിന്നീടാണ് നിജസ്ഥിതി ബോധ്യമായത്. കിട്ടിയ അവസരം ഐസക്കും കൂട്ടരും ശരിക്കും മുതലാക്കി. കോടിയേരിയുടെ വക മുറിവിൽ മുളകു തേക്കലും. ജിഹാദികൾ ഒന്നടങ്കം രംഗത്തിറങ്ങി അന്തരീക്ഷം മലിനമാക്കി. നോട്ടു നിരോധനകാലത്തും ഐസക്ക് ഇതുതന്നെയാണ് ചെയ്തതെന്ന് ഓർക്കുമല്ലോ. പ്രവാസി വോട്ടവകാശം കൂടി അടുത്ത തെരഞ്ഞെടുപ്പിൽ യാഥാർത്ഥ്യമാവുമെന്ന് കണ്ടുള്ള ഒരു നീക്കമാണിത്. 

സുനാമി ദുരന്തകാലം മുതൽ നമ്മുടെ രാജ്യം സ്വീകരിക്കുന്ന ഒരു നയമുണ്ട്. അതെല്ലാം മറന്നുകൊണ്ട് ഈ വിഷലിപ്തമായ പ്രചാരണം നടത്തുന്നവർക്കൊരു ഗൂഡോദ്ദേശമുണ്ട്. അത് ഞങ്ങൾക്കു മനസ്സിലാവുന്നുണ്ട് എന്ന് അത്തരക്കാരെ ബോധ്യപ്പെടുത്താൻ മാത്രമാണ്‌ ഇത്രയും എഴുതിയത്.
 

Tags:    
News Summary - K Surendran fb post over kerala flood- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.