കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് തെറ്റാണെന്നും മഹാ തെറ്റാണെന്നും അതിൽ തർക്കമൊന്നുമില്ലെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. ‘രാഹുലിനെ ഫോൺ വിളിച്ചു ഞാൻ പറയേണ്ടത് പോലെ ചൂടായി പറഞ്ഞിട്ടുണ്ട്. അത് രാഹുലിനോടുള്ള വ്യക്തിപരമായ താല്പര്യമല്ല. പക്ഷേ ഒരു രാഷ്ട്രീയ പ്രവർത്തകനെ ഹനിക്കുന്നതിനു മുമ്പ് അതിന്റെ പിൻമുൻ എന്ന് ആലോചിക്കുന്നത് നല്ലത്. അത്രയേ ഉള്ളൂ’ -സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിന് രാഷ്ട്രീയ അഭയം നൽകുമെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ. അയാൾക്കെതിരെയുള്ള നടപടി നടന്നോട്ടെ. എന്തെങ്കിലും ശിക്ഷക്ക് അർഹത ഉണ്ടെങ്കിൽ ശിക്ഷ വാങ്ങിക്കോട്ടെ. അതിൽ തർക്കമൊന്നുമില്ല. നമ്മളായിട്ട് ജനവിധി എഴുതണ്ട. അത്രയേ ഞാൻ പറഞ്ഞിട്ടുള്ളൂ.
രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞതിനൊന്നും മറുപടി പറയാൻ ഞാനില്ല. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നയാളാണ് ഉണ്ണിത്താൻ. ഉണ്ണിത്താനോട് സംസാരിച്ചിട്ടാണ് കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് ഹൈക്കമാൻഡ് എന്നെ മാറ്റിയത്. ഉണ്ണിത്താൻ പറഞ്ഞതെല്ലാം ചരിത്രത്തിൽ റെക്കോർഡ് ആണെന്നും വേറൊന്നും ഞാൻ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
രാഹുലിനെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പിന്തുണച്ചവര്‍ മാറി ചിന്തിക്കണമെന്ന് ഇന്നലെ ഉണ്ണിത്താൻ പറഞ്ഞിരുന്നു. ‘നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും. കെ. സുധാകരന്‍ ഓരോ കാലത്തും ഓരോ കാര്യങ്ങള്‍ മാറ്റി പറയുകയാണ്. അതുകൊണ്ടാണ് കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് രാഹുല്‍ ശ്രമിച്ചത്’ -രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
‘രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള അർഹത ഇടതുപക്ഷത്തിനില്ല. രാഹുൽ വടി കൊടുത്ത് അടി വാങ്ങുകയായിരുന്നു. ഇരയോട് അപമര്യാദയായി പെരുമാറുകയും മാധ്യമങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുകയായിരുന്നു രാഹുൽ. പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി സ്വീകരിച്ചുകൊണ്ട് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി തുടരുകയായിരുന്നു രാഹുൽ ചെയ്യേണ്ടിയിരുന്നത്. അതിനുപകരം പാർട്ടിയെ രാഹുൽ വെല്ലുവിളിച്ചു. കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവിനെ വെല്ലുവിളിച്ചുകൊണ്ടാണ് രാഹുൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തത്. കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെക്കാൾ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാൻ രാഹുൽ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ ഭാവി അദ്ദേഹം തന്നെ ഇല്ലാതാക്കി. പാർട്ടി സ്വീകരിച്ച നടപടി ശരിയെന്ന് തെളിയിച്ചു. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ മുഴുവൻ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു രാഹുലിന്‍റെ പെരുമാറ്റം. ഇരയേയും പ്രകോപിപ്പിച്ച് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ചത് മുഴുവൻ ഉത്തരവാദിത്തവും രാഹുലിന് മാത്രമാണ്’ -ഉണ്ണിത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.