പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അടിമകളോട് മതി, ഗുണ്ടാശൈലിയിൽ ആക്രോശം വേണ്ട -പിണറായിയോട് കെ. സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാൽ മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കേരളത്തിന്‌ കേൾക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്. എണ്ണമറ്റ ഉപദേശികളിൽ വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കിൽ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയിൽ വരിക. അല്ലാത്തപക്ഷം സഭയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മുൻപിൽ ഇളിഭ്യനായി ഇനിയും കുറേയധികം കാലം നിൽക്കേണ്ടി വരും. പാറപ്രത്തെ പഴയ ഗുണ്ടാശൈലിയിൽ ആക്രോശിച്ചാൽ കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സി.പി.എം എം.എൽ.എമാർക്ക് പോലും ചിരിയാകും വരിക -സുധാകരൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

നിയമസഭയിൽ മാത്യു കുഴൽനാടൻ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകൾ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. പഴഞ്ചൊല്ലുകളും പഞ്ചതന്ത്രകഥകളും കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും കാണാപാഠമാണ്. ഇനിയും അവയെ ആശ്രയിച്ച് മലയാള സാഹിത്യത്തെ അപമാനിക്കരുത്. കൊലയാളിക്കും കൊള്ളക്കാരനും ജനങ്ങളെ കബളിപ്പിക്കാൻ എടുത്തുപയോഗിക്കാനുള്ള ആയുധങ്ങളല്ല അവയെന്നും സുധാകരൻ പറഞ്ഞു. 'പിണറായി വിജയനെന്ന പെരും നുണയനെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാണിച്ച മാത്യു കുഴൽനാടൻ എം.എൽ.എയ്ക്ക് അഭിവാദ്യങ്ങൾ' എന്ന കു​റിപ്പോടെ അവസാനിക്കുന്ന ഫേസ്ബുക് പോസ്റ്റിൽ മാത്യു കുഴൽനാടനും സുധാകരനും ഒപ്പമിരിക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags:    
News Summary - K Sudhakaran against Pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.