സി.പി.എമ്മിന്റേത് ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയം -കെ. സുധാകരന്‍

കണ്ണൂർ: ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് സര്‍ക്കാരും ഇടതുമുന്നണി നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സമിതികളും സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. തലശ്ശേരി നഗരസഭയുടെ പിടിവാശികാരണം ഫര്‍ണിച്ചര്‍ വ്യവസായത്തിന് താഴിട്ട് നാടുവിടേണ്ടി വന്ന ദമ്പതികളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും സി.പി.എം നിയന്ത്രണത്തിലുള്ള നഗരസഭയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിസ്സാരകാര്യങ്ങള്‍ക്ക് ലക്ഷങ്ങളുടെ പിഴ ഈടാക്കി തലശ്ശേരി നഗരസഭ ഇവരെ പീഡിപ്പിക്കുകയായിരുന്നു. കേരളം നിക്ഷേപ സൗഹൃദമെന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാറിന്റെ വാദം പൊള്ളത്തരവും നാട്യവുമാണെന്ന് ബോധ്യപ്പെടുന്നതാണ് ഈ സംഭവം. സി.പി.എം ഭരണസമിതി കട അടച്ചുപൂട്ടിപ്പിച്ച നടപടി വിവാദമായപ്പോള്‍ കടതുറക്കാന്‍ അനുമതി നല്‍കി കൈയടി നേടാനാണ് ഇപ്പോള്‍ സര്‍ക്കാറും വ്യവസായ മന്ത്രിയും ശ്രമിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

വന്‍കിടക്കാര്‍ക്ക് മാത്രം സഹായകരമായ നിലപാട് സര്‍ക്കാര്‍ തിരുത്തണം. വന്‍കിട സംരംഭകരെ പോലെ ചെറുകിടക്കാരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര സുസ്ഥിര വികസന കാഴ്ചപാടാണ് നടപ്പിലാക്കേണ്ടത്. ഓഡിറ്റോറയിത്തിന് സി.പി.എം നഗരസഭ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി ആന്തൂര്‍ സാജനും, വര്‍ക്ക്‌ഷോപ്പില്‍ ഇടതുനേതാക്കള്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന പുനലൂര്‍ സുഗതനും രാഷ്ട്രീയ വിരോധത്തിന്റെ രക്തസാക്ഷികളാണ്.

നോക്കുകൂലിയുടെ പേരില്‍ നിരന്തരം ചെറുകിട സംരംഭകരെ ദ്രോഹിക്കുന്ന സംസ്‌കാരമാണ് സി.പി.എമ്മിന്റേതെന്നും സുധാകരൻ വിമർശിച്ചു.

Tags:    
News Summary - K Sudhakaran against CPIM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.