നിയുക്ത കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ കണ്ണൂർ ഡി.സി.സി ഓഫിസിൽ കെ. സുധാകരൻ അഭിനന്ദിക്കുന്നു -പി. സന്ദീപ്
കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ആരെന്ന കാര്യത്തിലായിരുന്നു സംശയമുണ്ടായിരുന്നതെന്നും സണ്ണി ജോസഫിനെ പ്രഖ്യാപിച്ചതോടെ സന്തുഷ്ടനാണെന്നും കെ. സുധാകരൻ. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി സ്ഥാനമാറ്റത്തെക്കുറിച്ച് സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫിനൊപ്പം കണ്ണൂർ ഡി.സി.സി ഹാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുധാകരൻ.
എന്റെ സ്വന്തം സഹപ്രവർത്തകനാണ് സണ്ണി ജോസഫ്. കോൺഗ്രസിനെ കരുത്തോടെ നയിക്കാൻ സണ്ണി ജോസഫിന് കഴിയട്ടെ എന്നാണ് പ്രാർഥന. നാലുവർഷമായി കെ.പി.സി.സി പ്രസിഡന്റാണ്. പാർട്ടി പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണ ഇക്കാലയളവിൽ തനിക്ക് കിട്ടി. കുറേക്കാലമായി ഒരു കസേരയിൽ ഇരിക്കുമ്പോൾ മാറണ്ടേയെന്നും സുധാകരൻ ചോദിച്ചു. ഒരുപാട് നേതാക്കളുമായി ചർച്ച നടത്തിയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ആരാണ് അടുത്ത പ്രസിഡന്റ് എന്ന കാര്യത്തിൽ കൃത്യമായ അറിവ് ലഭിച്ചത് രണ്ടുദിവസം മുമ്പാണെന്നും കെ. സുധാകരൻ പറഞ്ഞു.
കണ്ണൂർ: കെ. സുധാകരനെന്ന കണ്ണൂർ കോൺഗ്രസിലെ കരുത്തന്റെ പകരക്കാരന്റെ റോളിൽ വീണ്ടും സണ്ണി ജോസഫ്. കണ്ണൂരിന് പുറത്ത് അത്ര പരിചിതമല്ലെങ്കിലും കണ്ണൂരിലെ കോൺഗ്രസിന്റെ അവസാനവാക്കായ കെ. സുധാകരന്റെ വലംകൈയെന്ന് വീണ്ടും അരക്കിട്ടുറപ്പിക്കുന്നതായി സണ്ണി ജോസഫിന്റെ പുതിയ നിയോഗം.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 2001ൽ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സുധാകരൻ മാറിയപ്പോൾ പകരക്കാരനായത് സണ്ണി ജോസഫ്. രണ്ട് പതിറ്റാണ്ടിനുശേഷം കെ.പി.സി.സി തലപ്പത്തുനിന്ന് കെ. സുധാകരൻ മാറുമ്പോൾ പകരക്കാരനായി എത്തുന്നതും അതേ സണ്ണി ജോസഫ്. ഒട്ടും യാദൃച്ഛികമല്ല ഈ സ്ഥാനലബ്ധിയെന്ന് കണ്ണൂരുകാർക്ക് കൃത്യമായി അറിയാം.
ക്രൈസ്തവ സമുദായത്തിൽനിന്നാണ് കെ.പി.സി.സി പ്രസിഡന്റെങ്കിൽ അത് സണ്ണി ജോസഫ് ആയിരിക്കണമെന്നായിരുന്നു സുധാകരന്റെ നിർബന്ധം. അത് ഉറപ്പാക്കാൻകൂടിയാണ് സുധാകരൻ എ.ഐ.സി.സിക്കു മുമ്പാകെ സമ്മർദ തന്ത്രം പയറ്റിയതും. സുധാകരനു പുറമെ, വി.ഡി. സതീശന്റെയും സ്വന്തമാണ് സണ്ണി ജോസഫ് എന്നതും കാര്യങ്ങൾ എളുപ്പമാക്കി.ജില്ലയിലെ കോൺഗ്രസിലെ മികച്ച സംഘാടകരിൽ ഒരാളാണ് സണ്ണി ജോസഫ്. 2011 മുതൽ തുടർച്ചയായ മൂന്നാം തവണയും പേരാവൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ വ്യക്തിപ്രഭാവത്തിന് വലിയ പങ്കുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പുകൾക്കതീതമായി എന്നും കെ. സുധാകരനൊപ്പം നിലകൊണ്ടതാണ് സണ്ണി ജോസഫിന്റെ ചരിത്രം.
സണ്ണി ജോസഫ് കണ്ണൂർ ഡി.സി.സി പ്രസിഡന്റായപ്പോൾ എം.വി. ഗോവിന്ദനായിരുന്നു അന്നത്തെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി. കാലങ്ങൾക്കിപ്പുറം ഇരുവരും സംസ്ഥാനത്തെ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും തലപ്പത്ത് എത്തിയത് തികച്ചും യാദൃച്ഛികവും. കണ്ണൂർ ഡി.സി.സി പ്രസിഡന്റ്, കണ്ണൂർ ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നീ സ്ഥാനത്ത് മികവാർന്ന പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. സോണിയ ഗാന്ധി, മൻമോഹൻ സിങ് തുടങ്ങി ദേശീയ നേതാക്കൾ കണ്ണൂരിലെത്തിയ വേളയിൽ പ്രസംഗം പരിഭാഷപ്പെടുത്തുന്നത് ഇദ്ദേഹമായിരുന്നു.
കെ.പി.സി.സി അംഗം, നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം നിലവിൽ കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യ സമിതി അംഗവും നിയമസഭ പബ്ലിക് അക്കൗണ്ട് കമ്മിറ്റി അധ്യക്ഷനും കൂടിയാണ്.
ഇടുക്കി തൊടുപുഴ വടക്കേക്കുന്നേൽ ജോസഫ് -റോസക്കുട്ടി ദമ്പതികളുടെ മകനായി 1952 ആഗസ്റ്റ് 18 നാണ് ജനനം. കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ പുറവയലിലാണ് താമസം. തൊടുപുഴ ന്യൂമാൻ കോളജിലെ ബിരുദ പഠനത്തിനുശേഷം കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് നിയമ ബിരുദം നേടി. വിദ്യാഭ്യാസ കാലഘട്ടം മുതലേ സജീവ കോൺഗ്രസ് രാഷ്ട്രീയത്തിനൊപ്പംനിന്നു. കേരള സർവകലാശാല സെനറ്റംഗം, കാലിക്കറ്റ് സിൻഡിക്കേറ്റംഗം, യു.ഡി.എഫ് കണ്ണൂർ ജില്ല ചെയർമാൻ, കണ്ണൂർ ജില്ല പഞ്ചായത്തംഗം, ഉളിക്കൽ സർവിസ് സഹകരണ ബാങ്ക്, തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മട്ടന്നൂർ, തലശ്ശേരി, കണ്ണൂർ കോടതികളിൽ അഭിഭാഷകനായി.
എൽസി ജോസഫാണ് ഭാര്യ. ആഷ റോസ്, ഡോ. അൻജു റോസ് എന്നിവർ മക്കൾ. പ്രകാശ് മാത്യു, ഡോ. സാൻസ് ബൗസിലി എന്നിവർ മരുമക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.