കെ. രാജൻ, ഭാര്യ അനുപമ, മാതാവ് രമണി (താഴെ), അനുജൻ വിജയൻ (മുകളിൽ വലത്തേയറ്റം), മകൾ ഗൗരി നന്ദന, ഭാര്യ മിനി എന്നിവർ
ഒല്ലൂർ നിയമസഭ മണ്ഡലത്തിന് ഒരു രീതിയുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ഒല്ലൂരുകാർ മുന്നണി മാറ്റി പരീക്ഷിക്കും. ഈ ചരിത്രം വെച്ച് ഇത്തവണ കെ. രാജനല്ല ജയിക്കേണ്ടിയിരുന്നത്. പക്ഷേ, ചരിത്രം വഴിമാറിയപ്പോൾ ഫലവും മാറിമറിഞ്ഞു. രാജൻ തുടർച്ചയായി രണ്ടാം തവണ ഒല്ലൂരിൽ ജയിച്ചു. ഇതാ മന്ത്രിയുമാവുന്നു.
അന്തിക്കാട് പുളിക്കല്‍ വീട്ടിൽ പരേതനായ കൃഷ്ണന്‍കുട്ടി മേനോെൻറയും രമണിയുടെയും മൂത്ത മകനായി 1973ൽ ജനിച്ച രാജൻ ഇടത് വിദ്യാർഥി-യുവജന സമര മുഖങ്ങളിലെ തീക്ഷ്ണ സാന്നിധ്യമെന്ന നിലയിൽ കേരളത്തിന് സുപരിചിതനാണ്. വിദ്യാഭ്യാസ കച്ചവടം, പെന്ഷന് പ്രായ വര്‍ധന, അതിരപ്പിള്ളിയിലെ പാരിസ്ഥിതിക പ്രശ്നം, വൈദ്യുതി നിരക്ക് വര്‍ധന, സോളാര്‍ കേസ്, ബാര്‍ കോഴ കേസ് തുടങ്ങിയ വിദ്യാര്‍ഥി-യുവജന സമരമുഖങ്ങളില്‍ നേതൃത്വം വഹിച്ചു. നിരവധി വിദ്യാര്‍ഥി-യുവജന സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് മർദനത്തിന് ഇരയായി. നാലുതവണ ജയില്‍വാസവും അനുഭവിച്ചു.
അന്തിക്കാട് ഗവ. എല്‍.പി, ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക പഠനം. തൃശൂര്‍ ശ്രീകേരളവർമ കോളജില്‍നിന്ന് പ്രീഡിഗ്രിയും ബി.എസ്.സിയും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമ ബിരുദവും നേടി. തൃശൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്തെങ്കിലും അധികം നീണ്ടില്ല. വക്കീൽ കുപ്പായം അഴിച്ചുവെച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
ശാസ്ത്ര സാഹിത്യ പരിഷത്ത്, ബാലവേദി, ചടയംമുറി സ്മാരകത്തിലെ കെ.ജി. കേളന് ഗ്രന്ഥശാല എന്നിവയിലൂടെയാണ് രാജൻ പൊതുരംഗത്ത് പ്രവർത്തിച്ച് തുടങ്ങിയത്. എ.ഐ.എസ്.എഫിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിൽ കാലൂന്നി. എ.ഐ.എസ്.എഫിെൻറയും എ.ഐ.വൈ.എഫിെൻറയും തൃശൂർ ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായി.
നിലവില്‍ എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമാണ്. കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ജോയൻറ് സെക്രട്ടറി, യുവജന ക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിയമസഭയിലേക്ക് കന്നി തെരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലത്തിൽനിന്ന് ജയിച്ച് ഒന്നാം പിണറായി സർക്കാറിൽ ചീഫ് വിപ്പായി. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന മൂവാറ്റുവുഴ തൃക്കളത്തൂര്‍ പുതുച്ചേരിയില്‍ അനുപമയാണ് (കൊച്ചിന് ദേവസ്വം ബോര്‍ഡ്) രാജെൻറ ഭാര്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.