പ്രധാനമന്ത്രി മലക്കം മറിഞ്ഞത്​ പിണറായിക്കുള്ള മുന്നറിയിപ്പ്​ - ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്നും കയ്യൂക്കുകൊണ്ട് കെ-റെയില്‍ നടപ്പിലാക്കാനാണ് ഭാവമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ കെ-റെയില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുപ്പ് നടപടിയുമായി മുന്നോട്ട് പോകാനുള്ള കേരള സര്‍ക്കാരിന്‍റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

നിയമസഭയിലും സഭയ്ക്ക് പുറത്തും കെ-റെയിലിനെതിരെ ഗുരുതരമായ ആശങ്കകള്‍ ജനങ്ങളും പ്രതിപക്ഷപാര്‍ട്ടികളും ഉയര്‍ത്തിയിട്ടും അത് ദൂരീകരിക്കാനോ പ്രശ്‌നം ചര്‍ച്ച ചെയ്യാനോ ഇതുവരെ സര്‍ക്കാര്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതും അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ കെ-റെയില്‍ പദ്ധതി പ്രാഥമികമായ നടപടികള്‍പോലും പൂര്‍ത്തിയാക്കാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണ്?

നിലവിലുള്ള റെയില്‍വെ പാതയോട് ചേര്‍ന്ന് ആവശ്യമായ സ്ഥലങ്ങളില്‍ വളവുകള്‍ നേരെയാക്കിയും സിഗ്‌നലിങ്​ സമ്പ്രദായം നവീകരിച്ചും കൂടുതല്‍ വേഗതയില്‍ മെച്ചപ്പെട്ട റെയില്‍ യാത്രാ സൗകര്യം നല്‍കാന്‍ കഴിയുന്ന റാപിഡ് റെയില്‍ ട്രാന്‍സിറ്റ് (സബര്‍ബന്‍ റെയില്‍) പദ്ധതി യു.ഡി.എഫിന്‍റെ കാലത്ത് അംഗീകരിച്ചതാണ്. സിഗ്നലിങ്​ സമ്പ്രദായം പരിഷ്‌കരിക്കാന്‍ 8,000 കോടിയ്ക്ക് താഴെ രൂപ ചെലവാക്കിയാല്‍ മതി. ഈ സാധ്യത പരിശോധിക്കാതെയാണ് ഒരുലക്ഷം കോടി രൂപയില്‍ അധികം പണം ചെലവഴിച്ച് പുതിയ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധ ബുദ്ധി കാണിക്കുന്നത്.

ലക്ഷക്കണക്കിന് ജനങ്ങളെ കുടിയിറക്കി വിട്ടുകൊണ്ട് ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് കേരളത്തില്‍ പ്രായോഗികമല്ല. തെക്ക്-വടക്ക് എക്‌സ്പ്രസ്സ് ഹൈവേയുടെ നിര്‍ദ്ദേശം മുന്നോട്ട് വച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത സി.പി.എം സില്‍വെര്‍ ലൈനിന്‍റെ വക്താക്കളായി മാറുന്നത് അത്ഭുതകരമാണ്. അന്ന് എക്‌സ്പ്രസ് ഹൈവെയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ജനാഭിലാഷം മാനിച്ച് യുഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്നു പിന്മാറുകയാണ്​ ചെയ്തത്​.

പരിസ്ഥിതി പഠനവും ഇന്ത്യന്‍ റെയില്‍വേയുടെയും നീതി ആയോഗിന്‍റെയും അനുമതിയും അനിവാര്യമാണെങ്കിലും അതൊന്നും ഇല്ലാതെ അധികാരം ഉണ്ടെന്ന കാരണത്താല്‍ ലക്ഷക്കണക്കിന് ആളുകളെ തെരുവിലേയ്ക്ക് എറിയുന്നത് ശരിയാണോ എന്ന് സി.പി.എം. ആലോചിക്കണം. അവിചാരിതമായി ഉണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും എല്ലാം നശിച്ച ആയിരക്കണക്കിന് ആളുകള്‍ ക്യാമ്പുകളില്‍ ദുരിതം അനുഭവിക്കുമ്പോള്‍ അതൊന്നും കാണാതെ കുടിയിറക്ക് ഭീഷണിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്.

ബന്ധപ്പെട്ടവരുമായി ചര്‍ച്ചയോ ആവശ്യമായ അനുമതിയോ ഇല്ലാതെ തുടങ്ങാന്‍ ശ്രമിക്കുന്ന കെ- റെയില്‍ പദ്ധതിയില്‍ നിന്നുംസർക്കാർ പിന്മാറണമെന്നും യു.ഡി.എഫ് കാലത്തെ സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പിലാക്കണമെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - K Rail: Oommen Chandy warns Pinarayi over PM's U turn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.