കെ-റെയിൽ: കല്ലുകൾക്ക് മാത്രം ചെലവിട്ടത് രണ്ട് കോടിയിലേറെ

തിരുവനന്തപുരം: സിൽവർ ലൈനിൽ സർവേക്കായുള്ള കല്ലുകൾക്ക് മാത്രം കെ-റെയിൽ ഇതുവരെ ചെലവിട്ടത് രണ്ട് കോടിയിലേറെ രൂപ. 90 സെന്‍റീമീറ്റർ ഉയരവും 15 സെന്‍റീമീറ്റർ വ്യാസവുമുള്ള കല്ലുകൾ എത്തിക്കാനുള്ള ചുമതല അഞ്ച് റീച്ചുകളായി തിരിച്ച് ടെൻഡർ വിളിച്ചാണ് സ്വകാര്യ ഏജൻസികൾക്ക് നൽകിയിരിക്കുന്നത്. ഒരു കല്ലിന് 1000-1100 രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്. 20000 കല്ലുകളാണ് ഇതുവരെ അഞ്ച് റീച്ചുകളിലുമായി എത്തിച്ചിട്ടുള്ളത്. അലൈൻമെന്‍റിനും ഭൂപ്രകൃതിക്കും അനുസരിച്ച് ഇടുന്ന കല്ലുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഒരു കല്ല് സ്ഥാപിക്കാന്‍ 4000-4500 രൂപ ചെലവ് വരുമെന്നാണ് കണക്ക്.

529 കിലോമീറ്ററിൽ ഇതുവരെ 150ൽ മാത്രമാണ് കല്ലുകൾ സ്ഥാപിക്കാനായത്. ഇതുതന്നെ വ്യാപകമായി പിഴുതുമാറ്റിയിട്ടുമുണ്ട്. പ്രതിഷേധം കനക്കവേ ഉദ്ദേശിച്ച വേഗത്തില്‍ നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് കെ-റെയിലി‍െൻറ വിലയിരുത്തൽ. പിഴുതുമാറ്റിയ ഇടങ്ങളിൽ വീണ്ടും കല്ലിടുമെന്ന് കെ-റെയിൽ അധികൃതർ പറയുന്നുണ്ടെങ്കിലും നടപടിക്രമങ്ങൾ ഏറെയാണ്.

കല്ലിടാൻ നിർദേശിച്ചത് ആര് എന്നത് സംബന്ധിച്ച് പരസ്പരം പഴിചാരലുകൾ തുടരുന്നതിനിടെ കല്ലെത്തിക്കാനുള്ള ടെൻഡർ നടപടി സംബന്ധിച്ച് വിവരാവകാശപ്രകാരമുള്ള ചോദ്യങ്ങൾക്ക് കെ-റെയിൽ നൽകിയ മറുപടി പുറത്തുവന്നിട്ടുണ്ട്. കല്ലിടാൻ തീരുമാനിച്ചതും നിർദേശിച്ചതും കെ-റെയിലാണെന്നതി‍െൻറ വ്യക്തമായ സൂചനയാണ് വിവരാവകാശ രേഖ. ആറ് സ്ട്രച്ചുകളായി തിരിച്ച് ടെൻഡർ നടപടി നടത്തിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഈ മറുപടിയിലുണ്ട്. കല്ലിടീൽ വ്യാപക പ്രതിഷേധങ്ങൾക്ക് വഴിമാറുന്ന സാഹചര്യത്തിൽ സാമൂഹികാഘാത പഠനത്തി‍െൻറ തുടർനടപടികളിലും അനിശ്ചിതത്വമുണ്ട്. പൂർണമായും ജനം സഹകരിച്ചാൽ മാത്രം നടക്കുന്ന സർവേയും വിവരശേഖരണവുമാണ് സാമൂഹികാഘാത പഠനത്തി‍െൻറ പ്രധാന ഘടകം. കല്ലിടൽ തന്നെ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ ഭൂഉടമകൾ നിസ്സഹകരിച്ചാൽ വീടുകളിലെത്തിയുള്ള സർവേ അവതാളത്തിലാകും. 

Full View


Tags:    
News Summary - K-Rail: More than Rs 2 crore was spent on stones alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.