കരാര്‍ വ്യവസ്ഥ ലംഘിച്ച് കെ ഫോണ്‍ കേബിള്‍ വാങ്ങിയത് ചൈനയില്‍ നിന്ന്; ഇന്റര്‍നെറ്റ് നല്‍കിയതിന്റെ കണക്ക് പുറത്ത് വിടണമെന്ന് വി.ഡി സതീശൻ

കൊച്ചി: കരാര്‍ വ്യവസ്ഥ ലംഘിച്ച് കെ ഫോണ്‍ കേബിള്‍ വാങ്ങിയത് ചൈനയില്‍നിന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്റര്‍നെറ്റ് നല്‍കിയതിന്റെ കണക്ക് പുറത്ത് വിടണമെന്നും സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി രണ്ടാം തവണയും ഉദ്ഘാടനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതിക്ക് പിന്നില്‍ നടന്ന കൂടുതല്‍ അഴിമതികള്‍ കൂടി പുറത്ത് വരുകയാണ്. 1028 കോടിയുടെ പദ്ധതിക്ക് 500 കോടിയിലധികം ടെന്‍ഡര്‍ എക്‌സസ് നല്‍കി 1548 കോടിയാക്കി ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ കത്തിടപാടിലൂടെയാണ് ടെന്‍ഡര്‍ എക്‌സസ് നിയമവിരുദ്ധമായി ഉയര്‍ത്തിയത്.

കെ ഫോണ്‍ പദ്ധതിയുടെ സുപ്രധാന ഘടകമാണ് ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറുകള്‍ അഥവാ ഒ.പി.ജി.ഡബ്ല്യു കേബിളുകള്‍. ഒ.പി.ജി.ഡബ്ല്യു കേബിളുകള്‍ ഇന്ത്യന്‍ നിര്‍മ്മിതമായിരിക്കണമെന്നും കേബിളുകള്‍ ഇന്ത്യയില്‍ തന്നെ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ മിനിമം 250 കിലോമീറ്ററെങ്കിലും കേബിള്‍ നിര്‍മ്മിച്ച സ്ഥാപനം ആയിരിക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ടെന്‍ഡറിലുണ്ട്. ഈ മൂന്ന് നിബന്ധനകളും കരാര്‍ ലഭിച്ച എല്‍.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കാറ്റില്‍പ്പറത്തി.

ഈ കമ്പനിയുടെ ഹരിയാനയിലെ ഫാക്ടറിയില്‍ കേബിളുകള്‍ നിര്‍മ്മിക്കാനുള്ള ഒരു സൗകര്യമില്ല. ഇവര്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതിനു ശേഷം എല്‍.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് പതിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇക്കാര്യം കെ ഫോണിനും കെ.എസ്.ഇ.ബിക്കും അറിയാം. ഏറ്റവും കുറഞ്ഞത് 25 വര്‍ഷം ഗ്യാരന്റിയുള്ള ഇന്ത്യന്‍ കേബിളുകള്‍ക്ക് പകരം യാതൊരു ഗ്യാരന്റിയും ഇല്ലാത്ത ചൈനീസ് കേബിളാണ് കെ-ഫോണിന് വേണ്ടി ലഭ്യമാക്കിയിരിക്കുന്നത്.

പി.ഒ.പികളുടെ കാര്യത്തിലും സമാനമായ ക്രമക്കേടാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള പ്രസാഡിയോ കമ്പനിക്കാണ് പി.ഒ.പി കരാര്‍ ലഭിച്ചത്. പ്രസാഡിയോ കെ ഫോണ്‍ പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച പ്രീ ഫാബ്രിക്കേഷന്‍ സ്ട്രച്ചറായ പി.ഒ.പിയും കരാറിന് വിരുദ്ധമായി ചൈനയില്‍ നിന്നും ഒമാനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. പി.ഒ.പികള്‍ പലതും കാടുകയറി നശിച്ച അവസ്ഥയിലാണ്. പലയിടങ്ങളും മഴവെള്ളം പി.ഒ.പിയിലേക്ക് വീഴുന്ന സ്ഥിതിയാണ്.

കെ ഫോണില്‍ എത്ര കണക്ഷനുകള്‍ നല്‍കിയെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2017 -ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ 20 ലക്ഷം പാവങ്ങള്‍ക്കും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 18 മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. 20 ലക്ഷം എന്നത് പിന്നീട് പതിനാലായിരമാക്കി. പതിനായിരം പേര്‍ക്ക് കണക്ഷന്‍ നല്‍കിയെന്ന ഇപ്പോഴത്തെ അവകാശവാദവും തെറ്റാണ്. കണക്ഷന്‍ നല്‍കിയതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു

Tags:    
News Summary - K phone cable was purchased from China in breach of contract; VD Satheesan wants to release the account of the internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.