കെ. മുരളീധരൻ
തിരുവനന്തപുരം: ഇപ്പോൾ കോൺഗ്രസ് നേതാക്കളും അനുയായികളും ഉയർത്തിക്കൊണ്ടുവന്ന മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ രംഗത്ത്. സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ടെന്നും വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുതെന്ന് മുരളീധരൻ പറഞ്ഞു.
പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. അതിന് മുൻപ് ഏതെങ്കിലും വ്യക്തികളെ ഉയർത്തിക്കാട്ടുന്ന രീതി ശരിയല്ല.
രാഹുൽ ഗാന്ധി മുൻപ് പറഞ്ഞത് ഓർമ്മപ്പെടുത്തികൊണ്ടാണ് മുരളീധരൻ ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘനൃത്തം ചെയ്യുന്നതിനിടയിൽ ഒരാൾ ഒറ്റക്ക് ഡാൻസ് കളിച്ചാൽ ശരിയാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് മറക്കരുത്. അത് ഞാൻ ഓർമിപ്പിക്കുകയാണ്. ഇപ്പോൾ ഒച്ച വെച്ചിട്ട് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് നടക്കും. ഏതെങ്കിലും ഒരു നേതാവിനെയും അനുകൂലിച്ചു കൊണ്ട് ഈ സാഹചര്യത്തിൽ രംഗത്ത് വരുന്നത് ശരിയല്ല.
മെയ് നാലിന് റിസൾട്ട് വരുന്ന വരെ കാത്തിരിക്കണം. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ അതിന്റെതായ നടപടി ക്രമങ്ങളുണ്ട്. ബാക്കി തീരുമാനങ്ങൾ ഹൈക്കമാൻഡ് പറയും. അതിന് ഇപ്പോഴേ ബഹളം വെക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥനത്തേക്ക് ഒരു നേതാവിന്റെയും പേര് ഇപ്പോൾ പരിഗണനയിൽ ഇല്ല. ടീം യു.ഡി.എഫ് ആയിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗിന് ഇത്തവണ 22 സീറ്റ് വരെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ ഈ വിജയത്തിന് അവർക്കും പങ്കുണ്ട്. അത് കൊണ്ട് കാര്യങ്ങൾ പിന്നിട് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു. അനാവശ്യമായ ഇത്തരം ചർച്ചകൾ ഒഴിവാക്കണം. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ ആരാണ് മുഖ്യമന്ത്രിയെന്ന തരത്തിൽ കോൺഗ്രസ് നേതാക്കളിൽ ചിലർ ചർച്ച ആരംഭിച്ചിരുന്നു. ഒടുവിൽ, കെ. സുധാകരൻ തന്നെ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെയാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് പക്ഷം പിടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ. മുരളീധരന്റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.