കോൺഗ്രസ് പ്രവർത്തകർക്ക് ഫോട്ടോ കണ്ടാൽ തിരിച്ചറിയുന്ന ആളാകണം കെ.പി.സി.സി പ്രസിഡന്‍റ് -കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഫോട്ടോ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ആളായിരിക്കണം കെ.പി.സി.സി പ്രസിഡന്‍റ് ആകേണ്ടതെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ. ആരെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നും മുരളീധരൻ വ്യക്തമാക്കി.

കെ.പി.സി.സി അധ്യക്ഷൻ മാറേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് അഭിപ്രായമില്ല. സംസ്ഥാനത്ത് നിന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ല. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തയാറെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു മാറ്റത്തിന്‍റെ ആവശ്യമില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം.

വിഷയത്തിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനനമെടുക്കും. താൻ പ്രസിഡന്‍റ് സ്ഥാനത്ത് എത്തില്ലെന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പാണ്. അക്കാര്യത്തിൽ പരാതിയില്ലാത്ത ആളാണ് താൻ. അർഹതയുള്ള എല്ലാവർക്കും സ്ഥാനങ്ങൾ കിട്ടുന്നില്ലല്ലോ?.

ഷാഫി പറമ്പിലിന് കെ.പി.സി.സി അധ്യക്ഷനാകാൻ യോഗ്യതയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും മുരളീധരൻ പ്രതികരിച്ചു. ഷാഫി അടക്കം എല്ലാവർക്കും കെ.പി.സി.സി അധ്യക്ഷനാകാൻ യോഗ്യതയുണ്ടെന്നും അതുകൊണ്ടാണ് ജനം എം.പിയായി തെരഞ്ഞെടുത്തതെന്നും മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസ് ഹൈക്കമാൻഡുമായി ഇന്നലെ കെ. സുധാകരൻ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ആൾ വരുമെന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. വാർത്തയോട് പ്രതികരിച്ച കെ. സുധാകരൻ, കെ.പി.സി.സി അധ്യക്ഷൻ മാറേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ഹൈക്കമാൻഡ് ഇതുവരെ അങ്ങനെയൊന്ന് നിർദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയിൽ താൻ തൃപ്തനാണെന്നും ഹൈക്കമാൻഡ് നിൽക്കാൻ പറഞ്ഞാൽ നിൽക്കും മാറാൻ പറഞ്ഞാൽ മാറുമെന്നും സുധാകരൻ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലായിരുന്നു സുധാകരുമായുള്ള കൂടിക്കാഴ്ച നടന്നത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിടുന്ന വെല്ലുവിളികളാണ് പ്രധാനമായും ചർച്ചയായത്.

ട്രഷറര്‍ പദവി ഒഴിഞ്ഞു കിടക്കുന്ന് അടക്കം സംഘടനാ വിഷയങ്ങളും ചര്‍ച്ചയായി. സുധാകരനെ മാറ്റുകയാണെങ്കില്‍ ആ പദവിയിലേക്ക് ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.

Tags:    
News Summary - K Muraleedharan react to New KPCC President Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.