രാത്രി 12 വരെ ഇരിക്കാൻ പ്രായോഗിക ബുദ്ധിമുട്ട് കാരണം ചിലർ ഒഴിഞ്ഞുപോയി -കെ. മുരളീധരൻ; ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലുള്ളവർ രാജിവെച്ച സംഭവത്തിൽ വിശദീകരണം

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നവർ രാജിവെച്ച സംഭവത്തിൽ വിശദീകരണവുമായി കെ. മുരളീധരൻ. രാത്രി 12 വരെ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ആളാണ് താൻ. അത്രയും സമയം ഇരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടു കാരണമാണ് ചിലർ സ്വയം ഒഴിഞ്ഞുപോയതെന്നും ജോലിഭാരം ഏറ്റെടുക്കാൻ പ്രയാസമുള്ളവർ ഒഴിഞ്ഞുപോകുമ്പോൾ പുതിയ ആളുകളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോലിയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് അവർ പിരിഞ്ഞുപോയതെന്നാണ് അവർ വിശദീകരണം നൽകിയത്. യു.ഡി.എഫ് സർക്കാർ വന്നതിനുശേഷം എല്ലാവരെയും ആശയദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചർച്ചയാകുന്നതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് പകർച്ചവ്യാധികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും എന്നാൽ, മഴ കനത്താൽ ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.

രോഗവ്യാപനം തടയുന്നതിനായി ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും 'ഡ്രൈ ഡേ' ആചരണം കൂടുതൽ വിപുലീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജ് ആശുപത്രിയിലും രോഗികളെ നിലത്തു കിടത്തുന്ന സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പനി ക്ലിനിക്കുകൾ പൂർണ്ണമായും മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി 200-ഓളം ബെഡുകൾ സജ്ജമാക്കി.

തിരുവനന്തപുരം പുലയനാർകോട്ടയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പുതിയ ബ്ലോക്ക് നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായുള്ള നടപടികൾ ഏകോപിപ്പിക്കാൻ ഡി.എം.ഇ, ഡി.എച്ച്.എസ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യു.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന ഒ ഒന്നര മാസത്തിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ രണ്ടുപേരാണ് രാജിവെച്ചത്, ഒരാൾ വിട്ടുപോവുകയും ചെയ്തു. എം.എൽ.എ ആയിരുന്നപ്പോഴടക്കം മുരളീധരനൊപ്പമുണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദ് രാജ് എന്നിവരാണ് മന്ത്രി ഓഫീസ് ചുമതലകളിൽനിന്ന് രാജിവെച്ചത്. ഇവർക്ക് പകരം നിയമനങ്ങൾ നടത്തി.

ശ്രീലാൽ സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ചയാളാണ്. തുടക്കത്തിൽ മാധ്യമ ചുമതലയിൽ ഒരാൾ എത്തിയെങ്കിലും ആഴ്ചകൾക്കുള്ളിൽ അദ്ദേഹവും മടങ്ങി. ഈ തസ്തികയിലും മറ്റൊരാളെ നിയമിച്ചു. പതിവിനു വിപരീതമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഡോക്ടറെ നിയമിച്ചിരുന്നു. ഇദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജികൾക്ക് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.

Tags:    
News Summary - K. Muraleedharan says some people left due to practical difficulties in staying till 12 midnight; explanation is in the resignation of those in the Health Minister's personal staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.