തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ കത്ത്. തന്നെ വ്യക്തിഹത്യനടത്താന്‍ ചിലകോണുകളില്‍ ശക്തമായ നീക്കം നടക്കുന്നുണ്ടെന്നും തനിക്കെതിരായ വിജിലന്‍സ് കേസിന്‍െറ വിവരങ്ങള്‍ ചോരുന്നത് ഗൗരവമായി കാണണമെന്നും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് അയച്ച കത്തില്‍ എബ്രഹാം വ്യക്തമാക്കുന്നു.
വിജിലന്‍സിന്‍െറ നടപടികളെ വിമര്‍ശിക്കുന്ന കത്ത് ആഭ്യന്തര, വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും കൈമാറി.
അനധികൃത സ്വത്ത്സമ്പാദനം നടത്തിയെന്ന പരാതിയിലും ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്തെന്ന പരാതിയിലും രണ്ട് അന്വേഷണങ്ങളാണ് എബ്രഹാമിനെതിരെ പുരോഗമിക്കുന്നത്. ഇവയുമായി ബന്ധപ്പെട്ട വിജിലന്‍സ്സംഘത്തിന്‍െറ നീക്കങ്ങളെ താന്‍ തടസ്സപ്പെടുത്തുന്നെന്ന തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുകയാണെന്നും എബ്രഹാം കത്തില്‍ പറയുന്നു. മുംബൈയിലെയും കൊച്ചിയിലെയും ഫ്ളാറ്റുകളില്‍ പരിശോധന അനുവദിക്കുന്നില്ളെന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചു.
ഇത് തെറ്റാണ്. ഇത്തരം വാര്‍ത്തകള്‍ ബോധപൂര്‍വം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നത് തന്നെ വ്യക്തിഹത്യ ചെയ്യാനാണ്. വിജിലന്‍സ് നടപടികളോട് ഒരിക്കലും സഹകരിക്കാതിരുന്നിട്ടില്ല. ധനവകുപ്പും വിജിലന്‍സിനെതിരായി നിലകൊള്ളുന്നില്ല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തന്നെ പൊതുജനമധ്യത്തില്‍ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടലുണ്ടാകണമെന്നും എബ്രഹാം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.